'അവർ രാമക്ഷേത്രം നിർമിച്ചു'; ബിജെപിയിലേക്ക് പോകുമെന്ന സൂചന നൽകി ഹാർദിക് പട്ടേൽ
|"മുപ്പതു വർഷമായി ഗുജറാത്തിൽ കോൺഗ്രസിന് അധികാരത്തിലെത്താനായിട്ടില്ല"
ഗാന്ധിനഗർ: ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡണ്ടും പട്ടേൽ സമുദായ നേതാവുമായ ഹാർദിക് പട്ടേൽ ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം. ഗുജറാത്ത് പത്രമായ ദിവ്യഭാസ്‌കറിന് നൽകിയ അഭിമുഖത്തിൽ നടത്തിയ ബിജെപി അനുകൂല പരാമർശങ്ങളാണ് അഭ്യൂഹങ്ങൾ സജീവമാക്കിയത്. രാമക്ഷേത്ര നിർമാണത്തിലും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിലും ഹാർദിക് മോദി സർക്കാറിനെ പ്രശംസിച്ചു. അധികാരക്കൊതി കൊണ്ടല്ല താനിതു പറയുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.
ബിജെപിയിൽ ചേരുകയാണോ എന്ന ചോദ്യത്തിന് 'അങ്ങനെയൊരു ഓപ്ഷൻ മുമ്പിലുണ്ട്. നമ്മൾ നമ്മുടെ ഭാവിയും കാണേണ്ടേ. ബിജെപിയെ സംബന്ധിച്ച് അവരുടെ നേതൃത്വത്തിന് തീരുമാനമെടുക്കാനുള്ള കഴിവുണ്ട്.'- എന്നായിരുന്നു മറുപടി.
'പ്രതിപക്ഷം ജനങ്ങളുടെ ശബ്ദമുയർത്തണം. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് പിന്നിലാണ്. മുപ്പതു വർഷമായി ഗുജറാത്തിൽ കോൺഗ്രസിന് അധികാരത്തിലെത്താനായിട്ടില്ല. ധാരാളം പാർട്ടി നേതാക്കളുണ്ട്. ധാരാളം അഭിപ്രായങ്ങളുമുണ്ട്. കുറേ നേതാക്കളുണ്ടാകുന്നത് കാര്യങ്ങൾ വേഗത്തിൽ ചെയ്യാൻ സഹായകമാകും. എന്നാൽ ഇത് തീരുമാനമെടുക്കാനുള്ള പാർട്ടിയുടെ ശേഷിയെ തളർത്തി. തീരുമാനമെടുക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ കഴിവ് അപാരമാണ്. ഇക്കാരണത്താൽ കോൺഗ്രസിന് നഷ്ടവും ബിജെപിക്ക് നേട്ടവുമുണ്ടാകുന്നു.' - അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി, രാമക്ഷേത്ര വിഷയങ്ങളിൽ അദ്ദേഹം പറഞ്ഞതിങ്ങനെ; 'അവർ കശ്മീരിന്റെ 370-ാം വകുപ്പ് എടുത്തു കളഞ്ഞു. രാമക്ഷേത്രം നിർമിച്ചു. ഇതെല്ലാം ഞാൻ അംഗീകരിക്കുന്നു, അഭിനന്ദിക്കുന്നു. നല്ലതു ചെയ്താൽ അഭിനന്ദിക്കണം. അധികാരത്തോടുള്ള ആർത്തി മൂലമല്ല ഞാനിതു പറയുന്നത്.'
നേരത്തെ, പാർട്ടി സംസ്ഥാന നേതൃത്വവുമായി ഹാർദിക് ഇടഞ്ഞതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. വർക്കിങ് പ്രസിഡണ്ടായി തുടരുമ്പോഴും പാർട്ടി കാര്യങ്ങൾ അറിയിക്കുന്നില്ല എന്നതായിരുന്നു പട്ടേൽ സമുദായ നേതാവിന്റെ പരാതി. പട്ടേൽ സമുദായത്തിലെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ പ്രശാന്ത് കിഷോർ നടത്തുന്ന നീക്കങ്ങളിൽ ഹാർദികിന് അതൃപ്തിയുണ്ട്.
ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ച ഘട്ടത്തിലാണ് ഹർദിക് നേതൃത്വവുമായി ഇടയുന്നത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറാണ് കോൺഗ്രസിന്റെ തന്ത്രങ്ങൾക്ക് രൂപം നൽകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 41 ശതമാനം വോട്ടുവിഹിതത്തിൽ 77 സീറ്റാണ് പാർട്ടി നേടിരുന്നത്. 49.05 ശതമാനം വോട്ട് ഓഹരിയിൽ 99 സീറ്റാണ് ഭരണകക്ഷിയായ ബിജെപി സ്വന്തമാക്കിയത്. തുടർച്ചയായി അധികാരത്തിലിരിക്കുന്ന ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനുള്ള ആലോചനയാണ് കോൺഗ്രസിൽ സജീവമായി നടക്കുന്നത്.