ഹരിദ്വാര്‍ വിദ്വേഷ പ്രസംഗം: ഹിന്ദു മതം സ്വീകരിച്ച വസീം റിസ്‍വി അറസ്റ്റില്‍
|ഈയിടെയാണ് വസീം റിസ്‍വി മതം മാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിച്ചത്
ഹരിദ്വാര്‍ ധര്‍മസന്‍സദില്‍ മുസ്‍ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവത്തില്‍ വസീം റിസ്‍വിയെന്ന ജിതേന്ദ്ര ത്യാഗിയെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തരാഖണ്ഡ് പൊലിസാണ് അറസ്റ്റ് ചെയ്തത്. ഈയിടെയാണ് വസീം റിസ്‍വി മതം മാറി ജിതേന്ദ്ര ത്യാഗി എന്ന പേര് സ്വീകരിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ഹരിദ്വാറില്‍ ഹിന്ദുത്വ സംഘടന നടത്തിയ മൂന്ന് ദിവസ സമ്മേളനത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ കൊലവിളി പ്രസംഗം നടന്നത്.
കേസില്‍ വസീം റിസ്‌വി എന്ന ജിതേന്ദ്ര നാരായണന്‍ ത്യാഗിയെ അറസ്റ്റ് ചെയ്തതായി ഹരിദ്വാര്‍ സിറ്റി എസ്.പി സ്വതന്ത്ര കുമാര്‍ സ്ഥിരീകരിച്ചു. നേരത്തെ ഡിസംബറില്‍ വസീം റിസ്‍വിയെന്ന ജിതേന്ദ്ര ത്യാഗിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഷിയാ വഖഫ് ബോര്‍ഡ് മുന്‍ മേധാവി വസീം റിസ്‍വിക്ക് പുറമേ ദസ്‌ന ക്ഷേത്രത്തിലെ പൂജാരിയും വിദ്വേഷ പ്രചാരകനുമായ യതി നരസിംഹാനന്ദ്, ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരേ ഹരിദ്വാറിലെ ജ്വാലപൂര്‍ പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഐ.പി.സി സെക്ഷന്‍ 153 എ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
സിന്ധു സാഗര്‍, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്‌വാന്‍ തുടങ്ങിയ ഹിന്ദുത്വ നേതാക്കളെ പൊലിസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം വിവാദമായതോടെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.