'രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് കർണാടകയിൽ 'ഗോധ്ര' ആവർത്തിക്കും'; കോൺഗ്രസ് നേതാവിന്റെ പരാമർശം വിവാദത്തിൽ
|ബി.കെ ഹരിപ്രസാദിനെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു
ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനിന് മുന്നോടിയായി കർണാടകയിൽ 'ഗോധ്ര' ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്ന മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിന്റെ പരാമർശം വിവാദത്തിൽ.
ജനുവരി 22 ന് നടക്കുന്ന രാമ ക്ഷേത്രപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായികർണാടകയിൽ ഇത്തരമൊരു അനിഷ്ടസംഭവം ഉണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പ്രതിഷ്ഠാ ചടങ്ങിന് അയോധ്യയിലേക്ക് പോകുന്നവർക്ക് കർണാടകയിലെ കോൺഗ്രസ് സർക്കാർ സംരക്ഷണം നൽകണമെന്നും ഹരിപ്രസാദ് ആവശ്യപ്പെട്ടു.
ഹരിപ്രസാദിന്റെ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഹരിപ്രദാസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഹരിപ്രസാദിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഡി.വി സദാനന്ദ ഗൗഡ ആവശ്യപ്പെട്ടു.ഹരിപ്രസാദിനപ്പോലെയുള്ള നേതാക്കൾ ഇത്തരം ഭാഷയിൽ സംസാരിക്കുന്നത് കാണുമ്പോൾ അത്ഭുതമാണ് തോന്നുന്നതെന്നായിരുന്നു മുൻ മന്ത്രി കെ.എസ് ഈശ്വരപ്പയുടെ പ്രതികരണം. സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിക്കാൻ വിസ്സമ്മതിച്ചതായി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
2002ൽ ഗോധ്രയിൽ 59 പേരുടെ മരണത്തിനിടയാക്കിയ സബർമതി ട്രെയിൻ കല്ലേറിന് ശേഷം സംസ്ഥാനത്തുടനീളം വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന കർസേവകരും തീർത്ഥാടകരും അടങ്ങുന്ന യാത്രക്കാരടക്കമുള്ള സബർമതി എക്സ്പ്രസിന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് അക്രമികൾ തീയിടുകയായിരുന്നു. സംഭവത്തിൽ 29 പുരുഷന്മാരും 22 സ്ത്രീകളും എട്ടു കുട്ടികളും അടക്കം 59 പേരാണ് കൊല്ലപ്പെട്ടത്.