India
മാപ്പ്; വാഗ്ദാനങ്ങൾ പാലിക്കാനായില്ല...തോൽവിയിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് ഹരീഷ് റാവത്ത്
India

'മാപ്പ്; വാഗ്ദാനങ്ങൾ പാലിക്കാനായില്ല'...തോൽവിയിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് ഹരീഷ് റാവത്ത്

Web Desk
|
10 March 2022 10:03 AM GMT

മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് 10,000 ത്തിലധിം വോട്ടിനാണ് പരാജയപ്പെട്ടത്

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് അപ്രതീക്ഷ തോൽവിയാണ് നേരിടേണ്ടി വന്നത്. ലാൽകുവ നിയമസഭാ മണ്ഡലത്തിൽ 10,000 ത്തോളം വോട്ടിന്റെ വ്യത്യാസത്തിലാണ് ഹരീഷ് റാവത്ത് തോറ്റത്. തോൽവിക്ക് ശേഷം ജനങ്ങളോട് മാപ്പ് പറഞ്ഞിരിക്കുകയാണ് ഹരീഷ് റാവത്ത്.

"ലാൽകുവ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എന്റെ തോൽവിയുടെ ഔപചാരിക പ്രഖ്യാപനം മാത്രമാണ് അവശേഷിക്കുന്നത്. ബിന്ദുഖട്ടയിലും ബറേലി റോഡുമുള്‍ടെയുള്ള ലാൽകുവാൻ പ്രദേശത്തെ ജനങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു, എനിക്ക് അവരുടെ വിശ്വാസം സമ്പാദിക്കാൻ കഴിഞ്ഞില്ല. ഞാൻ അവർക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാനുള്ള അവസരം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നഷ്‌ടമായി. നിങ്ങൾ എന്നിലേക്ക് വാത്സല്യത്തിന്റെ ഒരു കൈ നീട്ടാൻ ശ്രമിച്ചു. നിങ്ങള്‍ നീട്ടിയ കൈയിൽ ഞാൻ എന്നെ കണ്ടെത്തുകയാണ് ' ഹരീഷ് റാവത്ത് പറഞ്ഞു. 'അദ്ദേഹത്തിന് (ബിജെപി സ്ഥാനാർത്ഥി)അഭിനന്ദനങ്ങൾ, ഭാവിയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആശംസകൾ' എന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഹരിഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് വിജയം നേടി. ഹരിദ്വാറിലെ റൂറൽ അസംബ്ലി മണ്ഡലത്തിൽ നിന്നാണ് അനുപമ ജനവിധി തേടിയത്. വോട്ടെണ്ണൽ ഏഴുമണിക്കൂർ പിന്നിടുമ്പോൾ 49 സീറ്റുകളിൽ വ്യക്തമായ ലീഡുയർത്തിയാണ് ബി.ജെ.പി ചരിത്ര വിജയത്തിലേക്ക് കടക്കുന്നത്. കോൺഗ്രസിന് 17 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരിച്ചിരുന്നത്. ഇത്തവണ ആ ചിത്രം ബി.ജെ.പി തിരുത്തിയെഴുതുമെന്ന് ഏറെക്കുറെ ഉറപ്പാക്കി.

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ബി.ജെ.പിയും കോൺഗ്രസും ഒപ്പത്തിനൊപ്പമായിരുന്നു ലീഡുയർത്തിയത്. ഒരു ഘട്ടത്തിൽ ഇരുപാർട്ടികളും 14 വീതം സീറ്റുകളിൽ ലീഡുയർത്തിയിരുന്നു. എന്നാൽ അതിന് ശേഷം ബി.ജെ.പി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. കോൺഗ്രസിനാകട്ടെ പിന്നീട് മുന്നോട്ട് കുതിക്കാൻ സാധിച്ചില്ല.

Similar Posts