India
കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ ഹരീഷ് റാവത്തിന് ഉത്തരാഖണ്ഡിന്‍റെ തെരഞ്ഞെടുപ്പ് ചുമതല
India

കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ ഹരീഷ് റാവത്തിന് ഉത്തരാഖണ്ഡിന്‍റെ തെരഞ്ഞെടുപ്പ് ചുമതല

Web Desk
|
24 Dec 2021 11:17 AM GMT

ഡൽഹിയിൽ റാവത്തുമായി രാഹുൽ ഗാന്ധി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.

കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ മുതിർന്ന നേതാവ് ഹരീഷ് റാവത്തിന് ഉത്തരാഖണ്ഡിന്‍റെ തെരഞ്ഞെടുപ്പ് ചുമതല. ഡൽഹിയിൽ റാവത്തുമായി രാഹുൽ ഗാന്ധി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.

നിയമസഭാകക്ഷി നേതാവ് പ്രീതം സിങ്ങും സംഘടനാ ചുമതലയുള്ള ദേവേന്ദ്ര യാദവും ചേർന്നു തഴയുന്നുവെന്നായിരുന്നു റാവത്തിന്‍റെ പരാതി. കോൺഗ്രസ് സംഘടിപ്പിച്ച റാലികളിൽ നിന്നും ഹരീഷ് റാവത്ത് വിട്ടുനിന്നിരുന്നു. കോൺഗ്രസ് നേതൃത്വത്തെ പരോക്ഷമായി കുറ്റപ്പെടുത്തി അദ്ദേഹം ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പാകുന്ന സമുദ്രത്തിലേക്ക് തന്നെ എടുത്തെറിഞ്ഞു, പക്ഷേ കയ്യും കാലും കെട്ടിയിട്ടിരിക്കുന്നു എന്നായിരുന്നു ട്വീറ്റ്. ഹരീഷ് റാവത്തിന്‍റെ വിശ്വസ്തരായ പലരെയും തെരഞ്ഞെടുപ്പ് കമ്മറ്റികളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് കയ്യാങ്കളിയിലേക്കു വരെയെത്തുന്ന അവസ്ഥയായി. പിന്നാലെയാണ് ഹരീഷ് റാവത്തിനെ രാഹുല്‍ ഗാന്ധി വിളിപ്പിച്ചത്.

തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കണം എന്നാണ് ഹരീഷ് റാവത്ത് ആവശ്യപ്പെട്ടത്. എന്നാല്‍ അത്തരമൊരു ഉറപ്പ് രാഹുല്‍ നല്‍കിയില്ല. പകരം സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് ഉള്‍പ്പെടെ മുഴുവന്‍ തെരഞ്ഞെടുപ്പ് ചുമതലയും റാവത്തിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. താനാണ് കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നയിക്കുകയെന്ന് രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് ജയിച്ചാല്‍ ഹരീഷ് റാവത്ത് തന്നെ മുഖ്യമന്ത്രിയാകും എന്നാണ് അദ്ദേഹത്തിന്‍റെ വിശ്വസ്തരുടെ പ്രതീക്ഷ.

Similar Posts