ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കാൻ ആം ആദ്മി, കെജ്‌രിവാളിന്റെ റോഡ് ഷോ ഇന്ന്
|എഎപിയുടെ പ്രചാരണ തന്ത്രങ്ങൾ തിരിച്ചടിയാകുമോ എന്ന ആശങ്കയിൽ കോൺഗ്രസ്
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ പ്രചാരണം ശക്തമാക്കാൻ ആം ആദ്മി പാർട്ടി. ഇതിന്റെ ഭാഗമായി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഹരിയാനയിൽ എത്തും. അതേസമയം ആം ആദ്മി പാർട്ടിയുടെ പ്രചാരണ തന്ത്രങ്ങൾ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്.
കോൺഗ്രസുമായുള്ള സഖ്യ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ 90 സീറ്റിലും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അരവിന്ദ് കെജ്‌രിവാളിന്റെ പ്രധാന ലക്ഷ്യം ഹരിയാന തെരഞ്ഞെടുപ്പിലെ വലിയ വിജയമാണ്. ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹരിയാനയിൽ എത്തുന്ന കെജ്‌രിവാൾ ജാഗാദ്രിയിൽ മെഗാ റോഡ് ഷോയിൽ പങ്കെടുക്കും. 11 ജില്ലകളിലായി ആകെ 13 പ്രചരണ യോഗങ്ങളിൽ കെജ്‌രിവാൾ പങ്കെടുക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. അതേസമയം കെജ്‌രിവാൾ ഹരിയാനയിൽ സജീവമാകുന്നതിൽ കോൺഗ്രസ് ക്യാമ്പുകൾ ആശങ്കയിലാണ്.
ബിജെപി വിരുദ്ധ വോട്ടുകൾ എഎപി ഭിന്നിക്കുമോ എന്നാണ് കോൺഗ്രസിന്റെ ആശങ്ക. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു ശതമാനത്തിൽ താഴെ മാത്രം വോട്ട് വിഹിതം ഉണ്ടായിരുന്ന എഎപി, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് വിഹിതം 4 ശതമാനത്തോളം ആക്കി ഉയർത്തിയിരുന്നു. ഡൽഹി പഞ്ചാബ് അതിർത്തികളിലെ മണ്ഡലങ്ങളിൽ എഎപിക്ക് കൂടുതൽ സ്വാധീനമുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് ആം ആദ്മി പാർട്ടി പ്രചാരണവും.