ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; വഴിമുട്ടിയ സീറ്റ് ചർച്ച പുനരാരംഭിക്കാൻ കോൺഗ്രസ്, ആം ആദ്മിയുമായി വീണ്ടും കൂടിക്കാഴ്ച
|ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു, മുൻ മന്ത്രിയും പാർട്ടിവിട്ടു
ഡൽഹി: നിയമാസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിൽ വഴിമുട്ടിയ സീറ്റ് ചർച്ച പുനരാരംഭിക്കാൻ കോൺഗ്രസ്. ആം ആദ്മി രാജ്യസഭാ അംഗം രാഘവ് ഛദ്ദയുമായി കോൺഗ്രസ് നേതൃത്വം വീണ്ടും ആശയവിനിമയം തുടങ്ങി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിർദേശ പ്രകാരമാണ് ചർച്ച. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രിം കോടതി ചൊവ്വാഴ്ച ജാമ്യം നൽകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളോട് അതിർത്തി പങ്കിടുന്ന ഹരിയാനയുടെ പത്തിൽ താഴെ സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ആം ആദ്മി ലക്ഷ്യമിടുന്നുണ്ട്. കോൺഗ്രസിൽ സമ്മർദ്ദം ചൊലുത്താനാണ് ഈ നീക്കം. നേരത്തെ വാഗ്ദാനം ചെയ്ത 5 സീറ്റിൽ ആം ആദ്മി വഴങ്ങുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
അതേസമയം ബിജെപിയിൽ പ്രതിസന്ധി രീക്ഷമാകുകയാണ്. തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി നേതാവും മുൻ മന്ത്രിയുമായ ബച്ചൻ സിങ് ആര്യ പാർട്ടി വിട്ടു. പാർട്ടിയുടെ പ്രാഥമിക അംഗത്വവും സംസ്ഥാന പ്രവർത്തക സമിതിയിലെ ചുമതലയും ഒഴിഞ്ഞതായി അദ്ദേഹം നേതൃത്വത്തിന് അയച്ചിൽ കത്തിൽ വ്യക്തമാക്കി. നാർനൗണ്ട് മണ്ഡലത്തിൽ സീറ്റ് ലഭിക്കുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ജെജെപി വിട്ട് പാർട്ടിയിൽ ചേർന്ന മുൻ എംഎൽഎ രാംകുമാർ ഗൗതമിനാണ് ബിജെപി ടിക്കറ്റ് നൽകിയത്. ഇതിൽ പ്രതിഷേധിച്ചാണ് ബച്ചൻ സിങ. ആര്യയുടെ രാജി.
സ്ഥാനാർഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ ഹരിയാന ബിജെപിയിൽനിന്ന് കൂട്ട കൊഴിഞ്ഞുപോക്കാണ്. ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് 20ലേറെ നേതാക്കളാണ് പാർട്ടി വിട്ടത്. ഇതിൽ മന്ത്രിയും മുൻ മന്ത്രിമാരും എംഎൽഎമാരും മുതിർന്ന നേതാക്കളുമുണ്ട്. 67 സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ ഒമ്പത് എംഎൽഎമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചത്.