India
Haryana BJP gets poll panels notice over election campaign video featuring child
India

പ്രചാരണ വീഡിയോയിൽ കുട്ടിയെ ഉപയോഗിച്ചു; ഹരിയാന ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്

Web Desk
|
28 Aug 2024 4:40 PM GMT

ബി.ജെ.പിയുടെ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങളുടെ ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

ചണ്ഡീ​ഗഢ്: തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോയിൽ കുട്ടിയെ ഉപയോഗിച്ചതിന് ബി.ജെ.പി ഹരിയാന ഘടകത്തിന് നോട്ടീസയച്ച് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ. കുട്ടിയെ ഉൾപ്പെടുത്തിയുള്ള പ്രചാരണ വീഡിയോ പങ്കുവച്ചുള്ള ഒരു പോസ്റ്റ് ഹരിയാന ബി.ജെ.പിയുടെ ട്വിറ്റർ ഹാൻഡിലിൽ കണ്ടതായും ഇത് ഗൗരവത്തിലെടുത്തതായും കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിലും പ്രചാരണങ്ങളിലും കുട്ടികളെ ഉപയോഗിക്കുന്ന നടപടിയോട് കണ്ണടയ്ക്കില്ലെന്ന് ഫെബ്രുവരിയിൽ കമ്മീഷൻ പറഞ്ഞിരുന്നു. ബി.ജെ.പി എക്‌സിൽ പങ്കുവച്ച വീഡിയോയിൽ ഒരു കുട്ടിയും 'അബ് കി ബാർ നയാബ് സൈനി സർക്കാർ' എന്ന പ്രചാരണ വാചകവുമാണ് ഉണ്ടായിരുന്നത്.

ബി.ജെ.പിയുടെ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങളുടെ ലംഘനമാണെന്നും വ്യവസ്ഥകൾ ലംഘിക്കുന്നത് കടുത്ത അച്ചടക്ക നടപടിക്ക് കാരണമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. ആഗസ്ത് 29ന് വൈകിട്ട് ആറിനുള്ളിൽ മറുപടി നൽകണമെന്നാണ് ഹരിയാന ബി.ജെ.പി അധ്യക്ഷനോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ടീമുകൾ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഹരിയാന ചീഫ് ഇലക്ടറൽ ഓഫീസർ പങ്കജ് അഗർവാൾ പറഞ്ഞു. ഹരിയാനയിൽ ഒക്‌ടോബർ ഒന്നിനാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഒക്‌ടോബർ നാലിനാണ് വോട്ടെണ്ണൽ. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സെപ്തംബർ അഞ്ചിന് പുറപ്പെടുവിക്കും.

അതേസമയം, തെരഞ്ഞെടുപ്പ് തീയതിക്ക് മുമ്പും ശേഷവുമുള്ള അവധി ദിനങ്ങൾ വോട്ടിങ് ശതമാനം കുറയാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കമ്മീഷന് കത്തയച്ചിട്ടുണ്ട്.

Similar Posts