വിശ്വാസ വോട്ട് നേടി ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി
|അഞ്ച് ജെ.പി.പി എം.എൽ.എമാർ വിപ്പ് ലംഘിച്ചു
ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നായബ് സിങ് സൈനി നിയമസഭയിൽ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെ വിശ്വാസ പ്രമേയം നിയമസഭ പാസാക്കി. അഞ്ച് ജെ.പി.പി എം.എൽ.എമാർ വിപ്പ് ലംഘിച്ച് ബി.ജെ.പിയെ പിന്തുണച്ചു.
സംസ്ഥാനത്ത് ബി.ജെ.പി–ജെ.പി.പി സഖ്യം പിളർന്നതോടെ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഘട്ടർ ചൊവ്വാഴ്ച രാജിവെച്ചിരുന്നു. മണിക്കൂറുകൾക്കകമാണ് കുരുക്ഷേത്രയില്‍ നിന്നുള്ള എം.പിയും ഒ.ബി.സി നേതാവുമായ നായബ് സിങ് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 48 എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെന്നായിരുന്നു സൈനിയുടെ അവകാശവാദം.
ബി.ജെ.പി ഹരിയാന അധ്യക്ഷൻ കൂടിയാണ് സൈനി. സൈനിക്കൊപ്പം അഞ്ചുപേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ലോക്സഭാ സീറ്റുകളെ ചൊല്ലി ഉടക്കിയ ജെ.ജെ.പി നേതാവും ഹരിയാന ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗതാലയും എല്ലാ സഹമന്ത്രിമാരും രാജി നൽകിയിരുന്നു. ദുഷ്യന്ത് ചൗതാല ബി.ജെ.പി കേന്ദ്ര നേതാക്കളുമായി സീറ്റ് ചർച്ച നടത്തുന്നതിനിടയിലാണ് ഖട്ടർ നാടകീയമായി രാജിവെച്ചത്. ഖട്ടറിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനാണ് നീക്കം.
ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാൽ ജെ.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് സര്‍ക്കാറുണ്ടാക്കിയിരുന്നത്. 90 അംഗ സഭയിൽ ബി.ജെ.പിക്ക് 41 എം.എൽ.എമാരുണ്ട്. 46 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്.