ഹരിയാനയിലെ തോൽവി രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല; അശോക് ഗെഹ്ലോട്ട്
|ഏഴ് നിയമസഭാ സീറ്റുകളിലേക്കാണ് രാജസ്ഥാനിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്
ജയ്പൂർ: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അപ്രതീക്ഷിതമായിരുന്നുവെന്നും, എന്നാൽ ഇത് രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് പറഞ്ഞു. ഏഴ് നിയമസഭാ സീറ്റുകളിലേക്കാണ് രാജസ്ഥാനിൽ ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.
പാർട്ടിതലത്തിലുള്ള അവലോകനത്തിനുശേഷം മാത്രമേ ഹരിയാനയിലെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കുകയുള്ളു എന്നും തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ പ്രതീക്ഷകൾക്ക് വിപരീതമാണെന്നും അദ്ദേഹം പറഞ്ഞു.
'തെരഞ്ഞെടുപ്പ് ഫലങ്ങൾ പാർട്ടി അവലോകനം ചെയ്യുകയാണ്. തോൽവിയുടെ കാരണം വിലയിരുത്താൻ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും യോഗം വിളിച്ചിട്ടുണ്ട്. കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുന്നതിനും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തുന്നതിനും ഒരു ടീമിനെ രൂപീകരിക്കുമെന്നാണ് തീരുമാനം' എന്ന് ഗെഹ്ലോട്ട് പറഞ്ഞു.
കോൺഗ്രസിന്റെ പദ്ധതികൾ രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിൽ അംഗീകരിക്കപ്പെടുന്നുണ്ട് എന്നും ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും ഗെഹ്ലോട്ട് കൂട്ടിചേർത്തു.
ഹരിയാനയിൽ 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 37 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ബിജെപി 48 സീറ്റും ഐഎൻഎൽഡി രണ്ട് സീറ്റും നേടി