ഹരിയാന, ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ, വിജയപ്രതീക്ഷയിൽ കോൺഗ്രസ്
|രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയേർപ്പെടുത്തി
ഡൽഹി: ഹരിയാന, ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയ ശേഷമാകും ഇവിഎം മെഷീനുകൾ എണ്ണിത്തുടങ്ങുക. രണ്ടു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.
എക്‌സിറ്റ് പോൾ ഫലങ്ങളും രണ്ട് സംസ്ഥാനങ്ങളിലും അനുകൂലമായതിന്റ ആവേശത്തിലാണ് കോൺഗ്രസ്. വോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ മുതൽ വ്യക്തമായ ലീഡ് ഉറപ്പിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും കോൺഗ്രസിനുണ്ട്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് -കോൺഗ്രസ് സർക്കാരും ഹരിയാനയിൽ കോൺഗ്രസും അധികാരത്തിൽ വരുമെന്നുമാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. ഹരിയാനത്തിൽ കോൺഗ്രസിന്റെ ഉജ്ജ്വല തിരിച്ചു വരവാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്.
വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും ഇരു സംസ്ഥാനങ്ങളിലും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിച്ച അരമണിക്കൂർ പിന്നിടുമ്പോൾ തന്നെ ലീഡ് അറിയാൻ സാധിക്കും. തീവ്രവാദ ആക്രമണങ്ങൾ ഉൾപ്പെടെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ കർശന സുരക്ഷാ വലയത്തിലാണ്. കൂടുതൽ സേനയെയും വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഹരിയാനയിൽ ഫലം വന്നതിനുശേഷം അക്രമ സംഭവങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ പൊലീസ് പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്.