India
Haryana,Haryanacrime,Woman With Broom Chases Away Attackers,CCTV camera, Bhiwani.,Bhiwani Shooting ,Haryana Shooting,latest national news,ഹരിയാന,കൊലക്കേസ് പ്രതിക്ക് വെടിയേറ്റു
India

കൊലക്കേസ് പ്രതിക്ക് വീടിന് മുന്നില്‍ വെച്ച് വെടിയേറ്റു; അക്രമികളെ ചൂലുകൊണ്ട് തുരത്തിയോടിച്ച് സ്ത്രീ

Web Desk
|
28 Nov 2023 12:04 PM GMT

ഹരികിഷൻ വീടിന്‍റെ ഗേറ്റിനടുത്ത് നിൽക്കുന്ന സമയത്താണ് രണ്ട് ബൈക്കുകളിലായി അക്രമി സംഘമെത്തിയത്

ഭിവാനി: ഹരിയാനയിലെ ഭിവാനിയിൽ കൊലക്കേസ് പ്രതിക്ക് വെടിയേറ്റു. വീടിന് പുറത്ത് നിൽക്കുമ്പോഴാണ് ഹരികിഷൻ എന്നയാൾക്ക് വെടിയേറ്റത്. ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന രവി ബോക്സറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. ഹരികിഷൻ ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്.

ഭിവാനിയിലെ ഡാബർ കോളനിയിൽ ഇന്നലെ രാവിലെ 7.30ഓടെയാണ് സംഭവം നടക്കുന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഹരികിഷൻ തന്റെ വീട്ടിലേക്കുള്ള ഗേറ്റിനടുത്ത് നിൽക്കുന്ന സമയത്ത് രണ്ട് ബൈക്കുകൾ അടുത്ത് നിർത്തുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്. അതിൽ നിന്നിറങ്ങിയ നാലുപേർ ഹരികിഷന് നേരെ വെടിവെക്കുകയായിരുന്നു. ആദ്യ വെടിയേറ്റ ഇയാൾ ഗേറ്റ് തുറന്ന് വീട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു തവണ വീണു. പക്ഷേ ഒരു വിധത്തിൽ വീടിനകത്തേക്ക് കടന്നുപറ്റുകയായിരുന്നു. അപ്പോഴും അക്രമികൾ വെടിവെക്കുന്നത് തുടർന്നു. ഈ സമയത്താണ് ഒരു സ്ത്രീ ചൂലുമായി അവിടേക്ക് എത്തി അക്രമികളെ വിരട്ടിയത്. ഭയന്നുപോയ അക്രമികളിലൊരാള്‍ സ്ത്രീക്ക് നേരെ വെടിവെക്കുകയും ചെയ്തു. എന്നാൽ ഭാഗ്യത്തിന് അവർക്ക് വെടിയേറ്റില്ല. അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെടുകയും ചെയ്തു.

ചൂലുകൊണ്ട് അക്രമികളെ വിരട്ടിയോടിച്ച സ്ത്രീ ഹരികിഷന്റെ കുടുംബാംഗമാണോ അയൽവാസിയാണോ എന്ന് വ്യക്തമല്ലെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. അക്രമികൾ ഒമ്പത് റൗണ്ട് വെടിയുതിർക്കുന്നതായാണ് റിപ്പോർട്ട്. ഇതിൽ നാല് തവണയും ഹരികിഷന് വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഹരികിഷനെ പിജിഐഎംഎസ് റോത്തക്കിലേക്ക് റഫർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥനായ ദീപക് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹരികിഷനെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ മൂന്ന് മാസം മുമ്പ് ഭിവാനി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Similar Posts