പഞ്ചാബ് - ഹരിയാന അതിർത്തിയിൽ സംഘർഷം: കണ്ണീർ വാതക ഷെൽ വീണ് യുവകർഷകൻ മരിച്ചതായി കർഷകർ
|കണ്ണീർവാതകഷെല്ല് തലയിൽ കൊണ്ടാണ് മരണമെന്ന് കർഷകരുടെ ആരോപണം
പഞ്ചാബ് - ഹരിയാന അതിർത്തിയായ ഖനൗരിയിൽ വൻ സംഘർഷം. കൃഷിയിടത്തിൽ പൊലീസുമായി കർഷകർ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ 24കാരനായ കർഷകൻ മരിച്ചു. ഭട്ടിൻഡ സ്വദേശി ശുഭ്കരൺ സിംഗാണ് വെടിയേറ്റ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ് ആശുപത്രിയിലെത്തിയപ്പോൾ തന്നെ ഇദ്ദേഹം മരിച്ചിരുന്നു. എന്നാൽ ഇദ്ദേഹം മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഹരിയാന പൊലീസ് അവകാശപ്പെടുന്നത്. സംഘർഷത്തിൽ 30 കർഷകർക്കും 12 പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കണ്ണീർവാതകഷെല്ല് തലയിൽ കൊണ്ടാണ് മരണമെന്ന് കർഷകരുടെ ആരോപണം.
കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ കടുത്ത നടപടികളുമായി ഹരിയാന പൊലീസ്. ഡൽഹി ചലോ മാർച്ച് പുനഃരാരംഭിക്കുന്നതിന് മുൻപ് തന്നെ കർഷകർക്ക് മേൽ പഞ്ചാബ് അതിർത്തിയിൽ കണ്ണീർ വാതകം പ്രയോഗിച്ചു. പത്തോളം കണ്ണീർ വാതക ഷെല്ലുകൾ സ്ത്രീകളും പ്രായമായവരും ഉൾപ്പെടുന്ന ആൾക്കൂട്ടത്തിലേക്ക് ഹരിയാന പൊലീസ് വർഷിക്കുകയായിരുന്നു. ഇടതടവില്ലാതെ നൂറുകണക്കിന് ഷെല്ലുകൾ പ്രയോഗിക്കാൻ ഡ്രോണുകളും ഉപയോഗിച്ചു. എന്നിട്ടും ഒരു പ്രകോപനവും സൃഷ്ടിക്കാതെ കർഷകർ സംയമനം പാലിച്ചു. റോഡിൽ ചാക്ക് നനച്ചിട്ടും മുഖത്ത് പേസ്റ്റ് തേച്ചും പൊലീസിന്റെ കണ്ണീർവാതക പ്രയോഗത്തെ പ്രതിരോധിക്കാൻ ശ്രമിച്ചു കർഷകർ.
കണ്ണടകളും മാസ്കുകളും കരുതി തന്നെയാണ് ഡൽഹി ചലോ മാർച്ചിനായി പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിലേക്ക് കർഷകർ എത്തിയത്. അതിനിടെ പരുക്കേറ്റു യുവാക്കൾ ഉൾപ്പടെയുള്ളവർ വീണു. ചിലർക്ക് സമരമുഖത്ത് വെച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും മറ്റ് പലരെയും ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു.
അതേസമയം, അഞ്ചാമതും ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ കർഷകരെ അറിയിച്ചിട്ടുണ്ട്. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ കർഷകർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്ര കാർഷിക മന്ത്രി അർജുൻ മുണ്ട കർഷകരെ അഞ്ചാമത്തെ ചർച്ചയ്ക്ക് ക്ഷണിച്ചത്. ചർച്ചയ്ക്ക് തന്നെയാണ് സമാധാന മാർഗത്തിൽ പ്രതിഷേധിക്കുന്ന കർഷകർക്കും താല്പര്യം. എന്നാൽ കേന്ദ്ര സർക്കാർ ക്ഷണത്തിന് കർഷകർ ഇതുവരെയും മറുപടി നൽകിയിട്ടില്ല. സംയുക്ത കിസാൻ മോർച്ച നാളെ യോഗം ചേർന്ന് തുടർ നടപടികൾ ആലോചിക്കും.
അതേസമയം, കർഷകർക്ക് ഭാരതരത്ന നൽകിയെന്ന് അവകാശപ്പെടുന്ന ബിജെപി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.