India
സൊണാലി കൊലക്കേസ് സി.ബി.ഐക്ക് കൈമാറണം; ഗോവ സർ‌ക്കാരിന് കത്തെഴുതുമെന്ന് ഹരിയാന; മറ്റൊരു മാരക മയക്കുമരുന്നും നൽകിയെന്ന് പൊലീസ്
India

സൊണാലി കൊലക്കേസ് സി.ബി.ഐക്ക് കൈമാറണം; ഗോവ സർ‌ക്കാരിന് കത്തെഴുതുമെന്ന് ഹരിയാന; മറ്റൊരു മാരക മയക്കുമരുന്നും നൽകിയെന്ന് പൊലീസ്

Web Desk
|
28 Aug 2022 1:27 AM GMT

നൽകിയ മയക്കുമരുന്നിന്റെ അവശിഷ്ടങ്ങൾ പിന്നീട് റെസ്റ്റോറന്റിലെ ശുചിമുറിയിൽ നിന്ന് പിടിച്ചെടുത്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദൽവി പറഞ്ഞു.

ചണ്ഡീ​ഗഢ്/പനാജി: ബിജെപി നേതാവും നടിയുമായ സൊണാലി ഫോ​ഗട്ട് കൊലക്കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ​ഗോവ സർക്കാരിന് കത്തെഴുതുമെന്ന് ഹരിയാന. ചണ്ഡീ​ഗഢിൽ സൊണാലിയുടെ കുടുംബം ഹരിയാന മുഖ്യമന്ത്രി മനോർഹർലാൽ ഖട്ടാറുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. 'കേന്ദ്ര ഏജൻസി അന്വേഷിക്കുന്നതാണ് നല്ലത്' എന്ന് സൊണാലിയുടെ 15കാരിയായ മകൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ​ഗോവ പൊലീസ് അന്വേഷണത്തിൽ പുതുതായി മറ്റൊരു നിർണായക വിവരംകൂടി പുറത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വടക്കൻ ഗോവയിലെ അഞ്ജുന ബീച്ചിലെ കുർലീസ് റെസ്റ്റോറന്റിൽ വച്ച് സൊണാലിയുടെ കൂട്ടാളികൾ അവർക്ക് നിരോധിത മാരക മയക്കുമരുന്നായ 'മെത്താംഫെറ്റാമൈൻ' നൽകിയതായി പൊലീസ് വ്യക്തമാക്കി.

റസ്റ്റോറന്റിൽ വച്ച് തിങ്കളാഴ്ച രാത്രി സൊണാലിയെ കൂട്ടാളികൾ നിർബന്ധിച്ച് ദോഷകരമായ രാസപദാർഥം കലർത്തിയ പാനീയം കുടിപ്പിക്കുന്ന വീഡിയോ കഴിഞ്ഞദിവസം ലഭിച്ചതായി പൊലീസ് പറഞ്ഞിരുന്നു. ഇത് മാരക മയക്കുമരുന്നായ എം.ഡി.എം.എ ആണെന്ന് പ്രതികൾ സമ്മതിച്ചതായി പിന്നീട് പൊലീസ് അറിയിച്ചിരുന്നു. 1.5 ​ഗ്രാം എം.ഡി.എം.എയാണ് റസ്റ്റോറന്റിലെ പാർട്ടി തുടങ്ങുംമുമ്പ് സൊണാലിക്ക് കുടിക്കാനുള്ള പാനീയത്തിൽ കലർത്തിയതെന്ന് പ്രതികൾ സമ്മതിച്ചിരുന്നു.

ഈ പാനീയം പിന്നീട് സൊണാലി കുടിക്കുകയായിരുന്നെന്നും അവർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. എന്നാൽ‍ പിന്നീട് ലഭിച്ച പരിശോധനാ റിപ്പോർട്ടിലാണ് മെത്താംഫെറ്റാമൈനും നൽകിയിരുന്നതായി പൊലീസിന് വ്യക്തമായത്. നൽകിയ മയക്കുമരുന്നിന്റെ അവശിഷ്ടങ്ങൾ പിന്നീട് റെസ്റ്റോറന്റിലെ ശുചിമുറിയിൽ നിന്ന് പിടിച്ചെടുത്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിവ്ബ ദൽവി പറഞ്ഞു.

ആ​ഗസ്റ്റ് 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിലയിൽ സൊണാലിയെ സഹായിയും സുഹൃത്തും ആശുപത്രിയിലെത്തിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ് നടക്കാനാവാതെ സൊണാലി ​വടക്കൻ ഗോവയിലെ അഞ്ജുന ബീച്ചിലെ കുർലീസ് റസ്റ്റോറന്റിൽ നിന്നിറങ്ങുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ പ്രതികളിൽ ഒരാളും സൊണാലിയുടെ പേഴ്‌സണൽ അസിസ്റ്റന്റുമായ സുധീർ സാങ്‌വാനൊപ്പമാണ്‌ സൊണാലി പോയത്.

പ്രതികളിൽ രണ്ടാമനും സുഹൃത്തുമായ സുഖ്‌വീന്ദര്‍ സിങ്ങും ഇവർക്കൊപ്പമുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മരണം കൊലപാതകമാണെന്ന സംശയവുമായി സഹോദരൻ റിങ്കു ധാക്ക അഞ്ജുന പൊലീസിൽ പരാതി നൽകി. തുടർന്ന് കുടുംബത്തിന്റെ അനുമതിയോടെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു.

മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പോസ്റ്റ്മോർട്ടത്തിലൂടെ ലഭിച്ചു. ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ സുധീർ സാങ്‌വാൻ, സുഹൃത്ത് സുഖ്‌വീന്ദർ സിങ് എന്നിവരെ ഗോവ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ഇവരെ കൂടാതെ, കുർലീസ് റസ്റ്റോറന്റ് ഉടമ എഡ്വിൻ ന്യൂൻസ്, മയക്കുമരുന്ന് കടത്തുകാരൻ ദത്തപ്രസാദ് ഗാവോങ്കർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോണാലി ഫോഗട്ടും മറ്റുള്ളവരും താമസിച്ചിരുന്ന അഞ്ജുനയിലെ ഹോട്ടൽ ഗ്രാൻഡ് ലിയോണി റിസോർട്ടിൽ റൂംബോയ് ആയി ജോലി ചെയ്തിരുന്ന ഗാവോങ്കറാണ് സാങ്‌വാനും സിങ്ങിനും മയക്കുമരുന്ന് എത്തിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Similar Posts