ജൽ അഭിഷേക് യാത്രക്ക് മുന്നോടിയായി ഹരിയാനയിലെ നൂഹിൽ സുരക്ഷ വർധിപ്പിച്ചു; മൊബൈൽ ഇന്റർനെറ്റ് റദ്ദാക്കി
|കഴിഞ്ഞ വർഷം ജൽ അഭിഷേക് യാത്രക്കിടെ നൂഹിൽ വ്യാപക സംഘർഷം അരങ്ങേറിയിരുന്നു.
നൂഹ്: ബ്രാജ് മണ്ഡൽ ജൽ അഭിഷേക് യാത്രക്ക് മുന്നോടിയായി ഹരിയാനയിലെ നൂഹ് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു. മൊബൈൽ ഇന്റർനെറ്റ്, ബൾക്ക് എസ്.എം.എസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഞായറാഴ്ച വൈകിട്ട് ആറു മുതൽ തിങ്കളാഴ്ച വൈകിട്ട് ആറു വരെയാണ് മൊബൈൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചത്.
ജൽ അഭിഷേക് യാത്രക്കിടെ നൂഹ് ജില്ലയിൽ സംഘർഷത്തിനും പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കാനും സമാധാനം തകരാനും സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അനുരാഗ് രസ്തോഗി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ വർഷം ജൽ അഭിഷേക് യാത്രക്കിടെ നൂഹിൽ വ്യാപക സംഘർഷം അരങ്ങേറിയിരുന്നു. യാത്രയുടെ സുഗമമായ നടത്തിപ്പിനായി വൻ സുരക്ഷാ സന്നാഹമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. ലോക്കൽ പൊലീസിന് പുറമേ കമാൻഡോ യൂണിറ്റുകൾ, മൗണ്ടഡ് പൊലീസ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരെയും ജില്ലയിൽ വ്യാപകമായി വിന്ന്യസിച്ചിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി ജില്ലക്ക് അകത്തേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങൾ പരിശോധിക്കും. ഡ്രോൺ കാമറകളും ഡോഗ് സ്ക്വാഡിനെയും ഇതിനായി ഉപയോഗിക്കും. ജില്ലക്ക് അകത്തേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾ കാമറയിൽ പകർത്തുകയും ചെയ്യും.