ഇല്ലാ റസൂലല്ലാഹ് യാ മോദി; പ്രവാചകനെതിരെയുള്ള അപകീർത്തി പരാമർശത്തിൽ അറബ് ലോകത്ത് പ്രതിഷേധം
|ഏതു മതനേതാക്കൾക്കെതിരായ അവഹേളനത്തെയും ശക്തമായി തള്ളിപ്പറയുന്നുവെന്ന് ബിജെപി
ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ബിജെപി ദേശീയ വക്താവ് നുപൂർ ശർമ്മ നടത്തിയ അപകീർത്തി പരാമർശത്തിൽ അറബ് ലോകത്ത് പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് ഇല്ലാ റസൂലല്ലാഹ് യാ മോദി എന്ന ഹാഷ് ടാഗ് സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങളിൽ ട്രൻഡിങ് ആയി മാറിയെന്ന് ബിബിസി അറബിക് റിപ്പോർട്ടു ചെയ്യുന്നു.
പരാമർശം അറബ് ലോകത്ത് ചർച്ചയായതിന് പിന്നാലെ നുപൂർ ശർമ്മയെ ബിജെപി പ്രാഥമികാംഗ്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തു. ബിജെപി ഡൽഹി വക്താവ് നവീൻ ജിൻഡാലിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പരാമർശത്തിനെതിരെ ഇന്ത്യയിലെ വിവിധ മുസ്‌ലിം സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു.
ടൈംസ് നൗ ചാനലിൽ ഗ്യാൻവാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച നടന്ന സംവാദത്തിനിടെയായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യ ആയിഷയെയും സംബന്ധിച്ച് നുപൂർ ശർമ വിവാദ പരാമർശം നടത്തിയത്. പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മുസ്‌ലിം സംഘടനകൾ നൽകിയ പരാതിയിൽ ബിജെപി നേതാവിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ, പരാമർശം വ്യക്തിപരമാണെന്നും തങ്ങൾക്ക് ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടി ടൈംസ് നൗ വിശദീകരണക്കുറിപ്പിറക്കിയിരുന്നു.
പരാമർശത്തിനെതിരെ ഇന്ത്യയിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് അറബ് ലോകം വിഷയത്തിൽ ഇടപെട്ടത്. ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അൽ ഖലീലി അടക്കമുള്ളവർ ട്വിറ്ററിൽ കുറിപ്പിട്ടു. പ്രവാചകനും സഹധർമിണിക്കുമെതിരെയുള്ള പരാമർശം ലോകത്തുള്ള ഓരോ മുസ്‌ലിമിനുമെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ശൈഖ് അൽ ഖലീലി ട്വീറ്റു ചെയ്തു. ദ വയർ അടക്കമുള്ള മാധ്യമങ്ങൾ ഖലീലിയുടെ ട്വിറ്റർ കുറിപ്പ് വാർത്തയാക്കി.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു: ബിജെപി
വിവാദ പരാമർശത്തിൽ വിശദീകരണവുമായി രംഗത്തെത്തി. എല്ലാ മതങ്ങളെയും പാർട്ടി ബഹുമാനിക്കുന്നുണ്ടെന്നും ഏതു മതനേതാക്കൾക്കെതിരായ അവഹേളനത്തെയും ശക്തമായി തള്ളിപ്പറയുന്നുവെന്നും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയുടെ ആയിരക്കണക്കിനു വരുന്ന ചരിത്രത്തിൽ എല്ലാ മതവും വളർന്നു പുഷ്പിച്ചിട്ടുണ്ട്. ബി.ജെ.പി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. ഏതു മതത്തെയും മതവ്യക്തിത്വങ്ങളെയും അവഹേളിക്കുന്നവരെ ബി.ജെ.പി ശക്തമായി അപലപിക്കുന്നു. ഏതു മതത്തെയും മതവിഭാഗത്തെയും അവഹേളിക്കുന്ന പ്രത്യയശാസ്ത്രത്തെയും ബി.ജെ.പി ശക്തമായി എതിർക്കുന്നു. അത്തരക്കാരെയും അത്തരം തത്വശാസ്ത്രങ്ങളെയും ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നില്ല-പ്രസ്താവന വ്യക്തമാക്കി.
സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഏതു മതവും പിന്തുടരാനും എല്ലാ പൗരന്മാർക്കും ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും വാർത്താകുറിപ്പിൽ തുടരുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, എല്ലാവർക്കും തുല്യ അവകാശമുള്ളതും എല്ലാവരും അഭിമാനത്തോടെ ജീവിക്കുന്നതുമായ മഹത്തായ രാജ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണ് നമ്മൾ. എല്ലാവരും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമൊപ്പം അടിയുറച്ചുനിൽക്കുകയും എല്ലാവരും വികസനത്തിന്റെയും വളർച്ചയുടെയും ഫലങ്ങൾ ആസ്വാദിക്കുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യയെ മാറ്റുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.