ഡാനിഷ് അലിയെ അധിക്ഷേപിച്ച ബി.ജെ.പി എം.പി രമേശ് ബിധുരിക്കെതിരെ പ്രതിഷേധം ശക്തം
|ഡാനിഷ് അലി പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി സ്പീക്കർക്ക് പരാതി നൽകി.
ന്യൂഡൽഹി: ബി.എസ്.പി എം.പി ഡാനിഷ് അലിയെ അധിക്ഷേപിച്ച ബി.ജെ.പി എം.പി രമേശ് ബിധുരിക്കെതിരെ പ്രതിഷേധം ശക്തം. ബിധുരിയെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. അതേസമയം ഡാനിഷ് അലിക്ക് എതിരെ ബി.ജെ.പി രംഗത്ത് വന്നു. ഡാനിഷ് അലിയുടെ ഭാഗത്തുനിന്ന് മോശം പരാമർശമുണ്ടായി എന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ആരോപിച്ചു.
പ്രധാനമന്ത്രിക്കെതിരെയാണ് ഡാനിഷ് അലിയുടെ മോശം പരാമർശമെന്ന് സ്പീക്കർക്ക് അയച്ച കത്തിൽ നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടുന്നു.ഡാനിഷ് അലിയുടെ ഭാഗത്തുനിന്ന് മാത്രമല്ല ഡി.എം.കെ, തൃണമൂൽ കോൺഗ്രസ് അംഗങ്ങളുടെ ഭാഗത്ത് നിന്നും മോശം പരാമർശമുണ്ടായി. എല്ലാ മോശം പരാമർശങ്ങളും അന്വേഷിക്കാൻ സമിതി രൂപീകരിക്കണമെന്നും സ്പീക്കറോട് ദുബെ ആവശ്യപ്പെട്ടു.
ചാന്ദ്രയാൻ-3ന്റെ വിജയത്തെ കുറിച്ചുള്ള ചർച്ചക്കിടെയാണ് വ്യാഴാഴ്ച രമേശ് ബിധുരി ഡാനിഷ് അലിക്കെതിരെ അധിക്ഷേപ വർഷം നടത്തിയത്. തീവ്രവാദി, ഉഗ്രവാദി, മുല്ല, പിമ്പ് തുടങ്ങിയ അധിക്ഷേപങ്ങളാണ് ബിധുരി ഡാനിഷ് അലിക്കെതിരെ നടത്തിയത്. ബിധുരിയുടെ പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് നീക്കിയെങ്കിലും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ സ്പീക്കർ തയ്യാറായിട്ടില്ല.