വിദ്വേഷ പ്രസംഗം: സ്വമേധയാ കേസെടുക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രിംകോടതി
|പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്നാണ് നിർദേശം
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ സംസ്ഥാനങ്ങൾക്ക് സുപ്രിം കോടതി നിര്‍ദേശം. വിദ്വേഷ പ്രസംഗം നടത്തുന്നവരുടെ മതം നോക്കാതെ നടപടി എടുക്കണമെന്നും പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്നുമാണ് നിർദേശം. ജസ്റ്റിസ് കെ.എം.ജോസഫ്, ജസ്റ്റിസ് വി.വി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയുള്ള ഹരജി പരിഗണിക്കവേയാണ് സുപ്രിം കോടതിയുടെ നിർണായക തീരുമാനം. ആരെങ്കിലും പരാതി നൽകാൻ കാത്തിരിക്കണമെന്നില്ലെന്നും ഇത്തരം പ്രസംഗങ്ങൾക്ക് പൊലീസ് സ്വമേധയാ കേസെടുക്കണമെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഇത്തരത്തിൽ കേസെടുക്കാൻ സുപ്രിം കോടതി അനുവാദം നൽകിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സമാന രീതിയിൽ കേസെടുക്കാൻ കോടതി നിർദേശം നൽകിയിരിക്കുന്നത്. കേസെടുക്കാൻ വൈകുകയാണെങ്കിൽ സംസ്ഥാനങ്ങൾക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം വിദ്വേഷ പ്രസംഗത്തിന്മേലുള്ള ഹരജികൾ പരിഗണിക്കവേ മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ചാനലുകളും പൊതുവേദികളും തീവ്രസ്വഭാവുമുള്ളവർ ഉപയോഗിക്കുകയാണെന്നും രാഷ്ട്രീയവും മതവും വേർതിരിക്കപ്പെടുമ്പോൾ ഇതെല്ലാം അവസാനിക്കുമെന്നും ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കിയിരുന്നു. പ്രസംഗിക്കുമ്പോൾ പലരും മറുപുറത്ത് നിൽക്കുന്നവരോട് പാകിസ്താനിലേക്ക് പോകൂ എന്നാണ് പറയുന്നതെന്നും ഇത്തരം പ്രസംഗങ്ങൾ ഇനി നടത്തില്ലെന്ന് കാട്ടി ജനങ്ങൾ എന്തുകൊണ്ടാണ് പ്രതിജ്ഞയെടുക്കാത്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.