'മക്ക വരെയെത്തണം അഖണ്ഡ ഭാരത സ്വപ്‌നം'; വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ്
|സംസം വെള്ളം യഥാർത്ഥത്തിൽ വിശുദ്ധ ഗംഗാ ജലമാണെന്നും യതി
വിവാദങ്ങളുടെ സ്ഥിരം തോഴനായ യതി നരസിംഹാനന്ദ് വീണ്ടും വിദ്വേഷ പ്രസംഗവുമായി രംഗത്ത്. 'അഖണ്ഡ ഹിന്ദു രാഷ്ട്രം വീർ സവർക്കറും ഛത്രപതി ശിവാജി മഹാരാജും സ്വപ്‌നം കണ്ടതാണ്, ആ സ്വപ്‌നം അഫ്ഗാനിസ്ഥാനിൽ വരെയായി ചുരുക്കരുത്. നാം കഠിനമായി അധ്വാനിച്ച് ഹിന്ദുത്വ ആശയത്തെ മക്ക വരെയും കഅ്ബ വരെയും എത്തിക്കണം' യതി പറഞ്ഞു. അവിടെ ഒഴുകുന്ന സംസം വെള്ളം യഥാർത്ഥത്തിൽ വിശുദ്ധ ഗംഗാ ജലമാണെന്നും യതി അവകാശപ്പെട്ടു.
'മക്ക കീഴടക്കാൻ നാം (ഹിന്ദുക്കൾ) പരാജയപ്പെട്ടാൽ, ലോകത്ത് വേറൊരു ശക്തിയും ഇസ്‌ലാമിനെ ദുർബലപ്പെടുത്താനുണ്ടാകില്ല' 58കാരനായ യതി വിദ്വേഷപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ ദസന ദേവി ക്ഷേത്ര തലവനായ യതി ന്യായ് മഞ്ച് ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് വിവാദ പ്രസംഗം നടത്തിയത്. ഹിന്ദു ജാഗ്രതി സമ്മേളൻ എന്ന പേരിൽ ഏപ്രിൽ ഒന്ന്, രണ്ട് തിയ്യതികളിലാണ് പരിപാടി നടന്നത്.
മക്കയാണ് അർബുദത്തിന് കാരണമെന്നും ഇയാൾ ഇസ്‌ലാമിനെ സൂചിപ്പിച്ച് പറഞ്ഞു. സനാതന ധർമം സ്ഥാപിക്കാൻ ഹിന്ദു സ്ത്രീകൾ സംരക്ഷിക്കപ്പെടണമെന്നും ആഹ്വാനം ചെയ്തു. ലവ് ജിഹാദിനെ ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമർശം.
ഹിന്ദു രാഷ്ട്രത്തിന് സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ട് യൂട്യൂബിലൂടെ പരിപാടിയുടെ സ്ട്രീമിംഗ് നടത്തിയിരുന്നു. ഫ്രീലാൻസ് ജേണലിസ്റ്റായ അലിഷാൻ ജാഫ്‌രി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ ടാഗ് ചെയ്ത് യതിക്കെതിരെ നടപടി ആവശ്യപ്പെട്ടു.
വിദ്വേഷ പ്രസംഗത്തിന്റെ അറബി സബ്‌ടൈറ്റിലടക്കമുള്ള വീഡിയോ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
Yet another hateful speech was made by Yati Narasimhanand about Mecca and the Akhanda Hindu Rashtra.