India
Hathras Stampede
India

ഭോലെ ബാബയുടെ പേരില്ല, അപകടത്തിന് കാരണം സത്സംഗ് സംഘാടകരുടെ വീഴ്ച; ഹാഥ്റസ് ദുരന്തത്തില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Web Desk
|
9 July 2024 5:04 AM GMT

സംഘാടകർ സ്ഥലത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും 300 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

ഹാഥ്റസ്: ഹാഥ്റസ് ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചു. ആൾദൈവം ഭോലെ ബാബയുടെ പേര് ഒഴിവാക്കിയാണ് റിപ്പോർട്ട് . അപകടത്തിന് കാരണം സത്സംഗ് സംഘാടകരുടെ വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ ജനങ്ങളെ പരിപാടിയിൽ പങ്കെടുപ്പിച്ചു. സംഘാടകർ സ്ഥലത്ത് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും 300 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എസ്ഐടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതായി ഇൻഫർമേഷൻ ഡയറക്ടർ ശിശിർ പറഞ്ഞു.ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റ് ആശിഷ് കുമാർ, പൊലീസ് സൂപ്രണ്ട് നിപുൺ അഗർവാൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മുതിർന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികള്‍ റിപ്പോര്‍ട്ടിലുണ്ട്. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ആഗ്ര സോൺ) അനുപം കുൽശ്രേഷ്ഠക്കായിരുന്നു അന്വേഷണസംഘത്തിന്‍റെ ചുമതല. കേസിൽ പുറത്തുവന്ന പുതിയ തെളിവുകൾ കണക്കിലെടുത്ത് അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ഭോലെ ബാബയുടെ ജൂലൈ 2ന് നടന്ന സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 121 പേര്‍ മരിച്ചത്. ബാബയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണ് ശേഖരിക്കാന്‍ ഭക്തര്‍ തിക്കിത്തിരക്കിയതാണ് അപകടത്തിന് കാരണമായത്. സംഭവത്തിനു ശേഷം ബാബ ഒളിവിലാണ്. സത്സംഗിന്‍റെ സംഘാടകനായ മുഖ്യപ്രതി ദേവപ്രകാശ് മധുകറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

Similar Posts