India
ഹാഥ്റസ് യു.എ.പി.എ കേസ്; റഊഫ് ശരീഫ് ജയില്‍മോചിതനായി
India

ഹാഥ്റസ് യു.എ.പി.എ കേസ്; റഊഫ് ശരീഫ് ജയില്‍മോചിതനായി

Web Desk
|
29 Sep 2023 4:08 PM GMT

33 മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്നത്

ഡൽ​ഹി: ഹാഥ്റസ് കേസിൽ യു.എ.പി.എ ചുമത്തി ജയിലിലടച്ച കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫ് ജയിൽ മോചിതനായി. 33 മാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചു പുറത്തിറങ്ങുന്നത്. ഇന്നു വൈകിട്ട് 7.10 ന് ലക്നൗ ജില്ലാ ജയിലിൽ നിന്നാണ് പുറത്തിറങ്ങിയത്. 2023 ജൂലൈ ഏഴിനു യു.എ.പിഎ കേസില്‍ ജാമ്യം കിട്ടിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നാണ് ജയില്‍മോചിതനായത്. ഇതോടെ, മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനൊപ്പം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാളൊഴികെ എല്ലാവരും ജയിലിൽ നിന്നും പുറത്തിറങ്ങി.

കളളപ്പണ ഇടപാട് ആരോപിച്ച് 2020 ഡിസംബർ 12ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് റഊഫിനെ ഇ.ഡി കസ്റ്റഡിയിൽ എടുത്തിരുന്നു. 2.31 കോടി രൂപ അക്കൗണ്ടിൽ വന്നുവെന്നായിരുന്നു ഇ.ഡി വാദം. ഈ കേസിൽ 2021 ഫെബ്രുവരിയിൽ കോടതി ജാമ്യം നൽകിയെങ്കിലും ഹാഥ്‌റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദിഖ്‌ കാപ്പന്റെ സംഘത്തെ സാമ്പത്തികമായി സഹായിച്ചു എന്ന മറ്റൊരു കേസും ഇദ്ദേഹത്തിനെതിരെ ചുമത്തുകയായിരുന്നു.

2020 ആഗസ്റ്റ് അഞ്ചിന് ഹാഥ്റസിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെയാണ് മലയാളി മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പൻ, ജാമിഅ മില്ലിയ്യ പി.ജി വിദ്യാർഥി മസൂദ് അഹമ്മദ്, വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ആലം, കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ട്രഷറർ അതീഖുര്‍ റഹ്മാന്‍ എന്നിവർ യു.പി പൊലീസ് പിടിയിലായത്.

Similar Posts