കോവിഡ് ബാധിച്ച സോണിയ ഗാന്ധിക്ക് ദർഗയിൽ പ്രാർത്ഥനയും പുഷ്പാർച്ചനയുമായി കോൺഗ്രസ് നേതാക്കൾ
|മുൻ മന്ത്രി മുഹമ്മദ് അലി ഷബീറിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ ഹൈദരാബാദിലെ നാമ്പള്ളിയിലുള്ള പ്രശസ്തമായ ഹസ്രത്ത് യൂസുഫൈൻ ദർഗയിലെത്തിയത്
ഹൈദരാബാദ്: കോവിഡ് സ്ഥിരീകരിച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യത്തിനായി പ്രാർത്ഥനയുമായി നേതാക്കളും പ്രവർത്തകരും ദർഗയിൽ. മുൻ മന്ത്രി മുഹമ്മദ് അലി ഷബീറിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ ഹൈദരാബാദിലെ നാമ്പള്ളിയിലുള്ള പ്രശസ്തമായ ഹസ്രത്ത് യൂസുഫൈൻ ദർഗയിലെത്തിയത്.
സോണിയ ഗാന്ധിയുടെ രോഗശമനത്തിലും ആരോഗ്യത്തിനുമായി പ്രാർത്ഥന നടത്തിയ പ്രവർത്തകരും നേതാക്കളും ദർഗയിൽ വിരിക്കാനുള്ള പുതപ്പ് സമ്മാനിക്കുകയും ചെയ്തു. ദർഗയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. തെലങ്കാന മുൻ പ്രതിപക്ഷ നേതാവ് കൂടിയായ മുഹമ്മദ് അലി ഷബീറിനു പുറമെ തെലങ്കാന കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ചെയർമാൻ ശൈഖ് അബ്ദുല്ല സുഹൈൽ, ഒ.ബി.സി സെൽ ചെയർമാൻ നുത്തി ശ്രീകാന്ത്, ഹൈദരാബാദ് കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം മുൻ ചെയർമാൻ സമീർ വലിയുല്ല, തെലങ്കാന കോൺഗ്രസ് വക്താവ് സയ്യിദ് നിസാമുദ്ദീൻ, ഫിറോസ് ഖാൻ, ഉസ്മാൻ മുഹമ്മദ് ഖാൻ, മതീർ ശരീഫ് തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ദർഗയിൽ സോണിയയ്ക്കായി പ്രത്യേക പ്രാർത്ഥന നടന്നത്.
സോണിയ ഗാന്ധിക്ക് കോവിഡ് ബാധിച്ചെന്ന വിവരം ഞെട്ടലോടെയാണ് കോൺഗ്രസ് പ്രവർത്തകർ മുഴുവൻ കേട്ടതെന്ന് മുഹമ്മദ് അലി ഷബീർ പ്രതികരിച്ചു. ഹൈദരാബാദിലെ മേട്ച്ചലിൽ നടന്ന നവസങ്കൽപ് ശിബിരത്തിൽ പങ്കെടുക്കുകയായിരുന്ന മുതിർന്ന നേതാക്കളെല്ലാം യൂസുഫൈനിൽ ചെന്ന് പുതപ്പ് സമർപ്പിക്കാനും പ്രാർത്ഥിക്കാനും തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സോണിയയ്ക്ക് കോവിഡ് ബാധിച്ച വിവരം പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല പുറത്തുവിട്ടത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയാണ് കോൺഗ്രസ് അധ്യക്ഷ. നേരിയ പനിയടക്കമുള്ള ലക്ഷണങ്ങളാണ് കണ്ടെത്തിയതെന്നും ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ടെന്നും സുർജേവാല അറിയിച്ചു.
നാഷണൽ ഹെറാൾഡ് കേസിൽ ബുധനാഴ്ച സോണിയയെയും രാഹുൽ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. വിദേശത്തായതിനാൽ മറ്റൊരു ദിവസം ഇ.ഡിക്കു മുന്നിൽ ഹാജരാവാമെന്ന് രാഹുൽ അറിയിച്ചു. ജൂൺ എട്ടിന് സോണിയാ ഗാന്ധി ഇ.ഡിക്കു മുന്നിൽ ഹാജരാകുമെന്ന് രൺദീപ് സിങ് സുർജേവാലയും വ്യക്തമാക്കിയിട്ടുണ്ട്.
Summary: Congress leaders pray at Hazrat Yousufain Dargah Nampally, Hyderabad, for Sonia Gandhi's health