'എന്റെ മകനെ തൂക്കിലേറ്റണം, ആ പെൺകുട്ടി എനിക്ക് മകളെപോലെ'; ഉജ്ജയിൻ ബലാത്സംഗക്കേസ് പ്രതിയുടെ പിതാവ്
|'അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ജീവിക്കാൻ അർഹരല്ല. അത് എന്റെ മകനായാലും മറ്റാരായാലും. അത്തരം കുറ്റകൃത്യം ചെയ്യുന്ന ആളുകളെ തൂക്കിലേറ്റുകയോ വെടിവയ്ക്കുകയോ ചെയ്യണം'.
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്കെതിരെ പിതാവ്. പ്രതിയായ തന്റെ മകന് വധശിക്ഷ തന്നെ നൽകണമെന്ന് പിതാവ് ആവശ്യപ്പെട്ടു.
'ഇത് ലജ്ജാകരമായ പ്രവൃത്തിയാണ്. ഞാൻ അവനെ കാണാൻ ആശുപത്രിയിൽ പോയിട്ടില്ല. പൊലീസ് സ്റ്റേഷനിലോ കോടതിയിലോ പോകില്ല. എന്റെ മകൻ വലിയൊരു കുറ്റം ചെയ്തു. അതിനാൽ അവനെ തൂക്കിക്കൊല്ലണം'- പിതാവായ രാജു സോണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'അത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ജീവിക്കാൻ അർഹരല്ല. അത് എന്റെ മകനായാലും മറ്റാരായാലും. അത്തരം കുറ്റകൃത്യം ചെയ്യുന്ന ആളുകളെ തൂക്കിലേറ്റുകയോ വെടിവയ്ക്കുകയോ ചെയ്യണം'.
'ഞങ്ങൾക്ക് നാണക്കേടിൽ നിന്ന് പുറത്തുവരാൻ കഴിയുന്നില്ല. ഞാൻ എന്തുചെയ്യണം. ആ പെൺകുട്ടി എനിക്ക് മകളെ പോലെയാണ്'- രാജു സോണി പറഞ്ഞു.കുറ്റവാളികളെ നേരിടാൻ ഇത്തരം ഹീനമായ കേസുകളിൽ വേഗത്തിലുള്ള നടപടി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് അത്തരകാരെ വെടിവയ്ക്കണമെന്നും രാജു സോണി ആവശ്യപ്പെട്ടു.
സംഭവം നടന്ന് മൂന്നാം ദിവസമായ വ്യാഴാഴ്ചയാണ് പ്രതിയായ ഭാരത് സോണി അറസ്റ്റിലായത്. അറസ്റ്റ് ചെയ്‌ത പ്രതി തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പരിക്കേറ്റത്. എന്നാൽ ഇയാളെ വീണ്ടും പിടികൂടുകയായിരുന്നു.
അതേസമയം, പ്രതിക്കായി ഒരു അഭിഭാഷകനും കോടതിയിൽ വാദിക്കരുതെന്ന് പ്രാദേശിക ബാർ അസോസിയേഷനും അഭ്യർഥിച്ചു. സംഭവം ക്ഷേത്രനഗരിയായ ഉജ്ജയിന്റെ യശസിന് കോട്ടം വരുത്തിയതായി ഉജ്ജയിൻ ബാർ കൗൺസിൽ പ്രസിഡന്റ് അശോക് യാദവ് പറഞ്ഞു. പ്രതിയുടെ കേസ് ഏറ്റെടുക്കരുതെന്ന് ഞങ്ങൾ ബാർ കൗൺസിൽ അംഗങ്ങളോട് അഭ്യർഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ സംസ്ഥാന- കേന്ദ്ര ബിജെപി സർക്കാരുകൾക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തി. രാജ്യത്തെ ഞെട്ടിച്ച ഇത്രയും ഗുരുതരമായൊരു കുറ്റകൃത്യം നടന്നിട്ടും എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും മൗനം തുടരുന്നതെന്ന് കോൺഗ്രസ് ചോദിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ആരോപിച്ചു.
ബലാത്സംഗത്തിന് ഇരയായി അർധനഗ്നയായി രക്തം വാർന്നൊലിക്കുന്ന നിലയിൽ സഹായത്തിനായി വീടുവീടാന്തരം കയറിയിറങ്ങുന്ന 12കാരിയുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. എന്നാൽ സഹായിക്കാന്‍ വിസമ്മതിച്ച നാട്ടുകാര്‍ കുട്ടിയെ ആട്ടിയോടിക്കുകയാണ് ചെയ്തത്. സിസിടിവിയില്‍ പതിഞ്ഞ ഈ ദാരുണസംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മനുഷ്യമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായിരുന്നു.
മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്ന് 15 കിലോമീറ്റർ അകലെ ബദ്‌നഗർ റോഡിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഒരു തുണ്ട് വസ്ത്രം മാത്രം ധരിച്ച് തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ പെണ്‍കുട്ടി ഒടുവില്‍ ഒരു ആശ്രമത്തിലെത്തിച്ചേരുകയായിരുന്നു. അവിടെയുള്ള പുരോഹിതനാണ് ഒരു ടവ്വല്‍ കൊണ്ട് കുട്ടിയെ പൊതിഞ്ഞ് ആശുപത്രിയിലെത്തിച്ചത്.
വൈദ്യപരിശോധനയില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞു. ഇൻഡോറിലെ ഗവൺമെന്റ് മഹാരാജ തുക്കോജിറാവു ഹോൾക്കർ വിമൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
അതേസമയം, കേസുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. മുഖ്യപ്രതി ഭരത് സോണിയെ ഏഴു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വിഷയത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇയാൾക്ക് പുറമെ നാലു പേരെ കൂടി മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്ന് അധികൃതർ അറിയിച്ചു.