India
JP Nadda met the officials
India

ഉദ്യോ​ഗസ്ഥരെ കണ്ട് ആരോ​ഗ്യമന്ത്രി ജെപി നഡ്ഡ; 100 ദിവസ അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർ​ദേശം

Web Desk
|
11 Jun 2024 12:13 PM GMT

മോദിയുടെ ഒന്നാം മന്ത്രിസഭയിലും നഡ്ഡയായിരുന്നു ആരോഗ്യമന്ത്രി

ന്യൂഡൽഹി: കേന്ദ്ര ആരോ​ഗ്യ മന്ത്രിയായി ചുമതലയേറ്റ ജെ.പി നഡ്ഡ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. സർക്കാരിൻ്റെ ആദ്യ 100 ദിവസത്തെ അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ഉദ്യേ​ഗസ്ഥരോട് ആവശ്യപ്പെട്ടു. ആദ്യ മോദി സർക്കാരിലും ​നഡ്ഡയായിരുന്നു ആരോ​ഗ്യ മന്ത്രി.

അദ്ദേഹം മുമ്പ് മന്ത്രിയായിരുന്നപ്പോൾ വകുപ്പിലുണ്ടായിരുന്ന മിക്ക ഉദ്യോഗസ്ഥരും മറ്റ് മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും മാറിയതിനാൽ ഇത് വെറും പരിചയപ്പെടൽ കൂടിക്കാഴ്ചയായിരുന്നെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മന്ത്രാലയം നിലവിൽ ഏറ്റെടുത്തിരിക്കുന്ന പ്രധാന പദ്ധതികളും ചർച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു.

2014 നവംബർ മുതൽ 2019 മെയ് വരെ നഡ്ഡ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തു. 2019 ൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റു. 2020 ജനുവരിയിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായി നിയമിതനായതിനെത്തുടർന്ന് അദ്ദേഹം പൂർണ ബിജെപി അധ്യക്ഷനായി മാറുകയായിരുന്നു.

ബിജെപി അധ്യക്ഷനെന്ന നിലയിൽ നഡ്ഡയുടെ കാലാവധി ജനുവരിയിലാണ് അവസാനിച്ചത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തിന് ആറു മാസത്തെ കാലാവധി നീട്ടി നൽകുകയായിരുന്നു.

രാസവള മന്ത്രാലയവും നഡ്ഡയുടെ ചുമതലയാണ്. മുൻ സർക്കാരിൽ മൻസൂഖ് മാണ്ഡവ്യയാണ് രണ്ടു മന്ത്രിസ്ഥാനങ്ങളും വഹിച്ചിരുന്നത്. അനുപ്രിയ പട്ടേൽ, പ്രതാപ് റാവു ഗൺപത്‌റാവു ജാദവ് എന്നിവരും ആരോഗ്യ സഹമന്ത്രിമാരായി ചുമതലയേറ്റു. ഇരുവരും ആരോ​ഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.

Similar Posts