ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷമാകുന്നു; രാജസ്ഥാനിൽ മരിച്ചവരുടെ എണ്ണം 12 ആയി
|രാജസ്ഥാനിലെ ഫലോദിയില്‍ ശനിയാഴ്ച 50 ഡിഗ്രി താപനില രേഖപ്പെടുത്തി
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം രൂക്ഷമാകുന്നു. രാജസ്ഥാനിൽ കടുത്ത ചൂടിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 12 ആയി. രാജസ്ഥാന്‍ പഞ്ചാബ് ഹരിയാന, ഡൽഹി,മധ്യപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
സമീപകാലത്ത് ഏറ്റവും ഉയർന്ന ചൂടാണ് ഉത്തരേന്ത്യ സാക്ഷ്യം വഹിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തേക്ക് ഡൽഹി, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ ഫലോദിയില്‍ ഇന്നലെ 50 ഡിഗ്രി താപനില രേഖപ്പെടുത്തി.
ജയ്സാല്‍മീര്‍, ബാര്‍മര്‍, ജോധ്പൂര്‍, കോട്ട, ബിക്കാനീര്‍, ചുരു എന്നിവിടങ്ങളിലും 50 ഡിഗ്രിയോടടുത്താണ് അന്തരീക്ഷ താപനില. ഉഷ്ണതരംഗത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 12 പേരാണ് രാജസ്ഥാനിൽ മരിച്ചത്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, യുപിയടക്കം സംസ്ഥാനങ്ങളിലും ശരാശരി 45 ഡിഗ്രിയാണ് ചൂട്.
രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയില്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രിയിലും ചൂട് അനുഭവപ്പെടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.