ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു; ഡൽഹിയിൽ മാത്രം എട്ടു ദിവസത്തിനിടെ മരിച്ചത് നൂറിലധികം പേർ
|മരിച്ചവരിൽ ഭൂരിഭാഗവും ഭവനരഹിതരാണ്
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. എട്ടു ദിവസത്തിനിടെ ഡൽഹിയിൽ മാത്രം മരിച്ചത് നൂറിലധികം പേരാണ്. കടുത്ത ചൂടിനോടൊപ്പം ജലക്ഷാമം രൂക്ഷമായത് ജനജീവിതം ദുരിതത്തിലാക്കുകയാണ്.
മരിച്ചവരിൽ ഭൂരിഭാഗവും ഭവനരഹിതരാണ്. മെയ് 12 മുതൽ ഡൽഹിയിലെ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഡൽഹിക്ക് പുറമേ ഒഡീഷ, ബിഹാർ,രാജസ്ഥാൻ, പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലും ഉയർന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും താപനില 46 ഡിഗ്രിക്ക് മുകളിലെത്തി. ഉഷ്ണ തരംഗത്തിൽ ഉത്തരേന്ത്യയിൽ ആകെ മരണം 200 പിന്നിട്ടു.
അടുത്ത രണ്ട് ദിവസം കൂടി ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂടിനോടൊപ്പം കുടിവെള്ളക്ഷാമം രൂക്ഷമായ ഡൽഹിയിൽ ജനജീവിതം ദുരിതത്തിലാണ്. ജലക്ഷാമം പരിഹരിക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗവും വർധിച്ചിട്ടുണ്ട്. അതേസമയം, നദികളിലെയും റിസർവോയറുകളിലെയും ജലനിരപ്പ് താണത് വൈദ്യുതി ഉൽപാദനത്തെയും സാരമായി ബാധിച്ചിരിക്കുകയാണ്.