India
കനത്ത മഴയിൽ മുങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍; ജമ്മു -ശ്രീനഗർ ദേശീയപാത അടച്ചു
India

കനത്ത മഴയിൽ മുങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍; ജമ്മു -ശ്രീനഗർ ദേശീയപാത അടച്ചു

Web Desk
|
9 July 2023 7:14 AM GMT

മണാലി ഉൾപ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശിൽ മിന്നലേറ്റ് മൂന്ന് പേർ മരിച്ചു. ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. എട്ട് സംസ്ഥാനങ്ങളിൽ ഇന്ന് മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഞായര്‍,തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലും കൽക്കാജി ഉൾപ്പടെ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നഗരത്തിലെ പലയിടങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗത കുരുക്കിനും കാരണമായി.


ഡൽഹി, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രചചനം. ഇന്നലെ രാത്രി ഇടിമിന്നലേറ്റ് ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ ഒരു സ്ത്രീ ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീരിലും കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിൽ റോഡ് തകർന്നതോടെ ജമ്മു ശ്രീനഗർ ദേശീയ പാത അടച്ചു.

ഉദ്ധംപൂരിൽ നിരവധി ട്രക്കുകളാണ് ഇതോടെ കുടുങ്ങി കിടക്കുന്നത്. പട്രോളിങ്ങിൻ്റെ ഭാഗമായി പൂഞ്ചിൽ നദി മുറിച്ചുകടക്കുന്നതിനിടെ രണ്ട് കരസേന ഉദ്യോഗസ്ഥർ ഒഴുക്കിൽ പെട്ടു. മിന്നൽ പ്രളയത്തിൽ കാണാതായ ഇവർക്ക് വേണ്ടി സേനാ വിഭാഗങ്ങളുടെ തെരച്ചിൽ തുടരുകയാണ്. അമർനാഥ് തീർഥാടനത്തിനിടെ കുടുങ്ങിക്കിടക്കുന്ന 6000 തീർത്ഥാടകരിൽ 4500 പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. മണാലി ഉൾപ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിരവധി പേര് കുടുങ്ങി കിടക്കുന്നുണ്ട്.



Similar Posts