ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം; കനത്ത മഴ
|ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പരക്കെ മഴയ്ക്ക് കാരണം
ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം. നൈനിറ്റാളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ശക്തമായ മഴയയെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക കൃഷിനാശമുണ്ടായി. നൈനിറ്റാളിലെ രാംഘട്ടിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പല റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി.
രാംനഗർ - റാണി കെട്ട് റൂട്ടിലെ ലെമൺ ട്രീ റിസോട്ടിൽ 100 പേർ കുടുങ്ങി കിടക്കുന്നതായി ഉത്തരാഖാണ്ഡ് ഡിജിപി അശോക് കുമാർ അറിയിച്ചു. ഇവർക്കായുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. കോശി നദിയിയിലെ വെള്ളം കര കവിഞ്ഞ് റിസോട്ടിൽ കയറുകയായിരുന്നു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പരക്കെ മഴയ്ക്ക് കാരണം. പശ്ചിമ ബംഗാളിലും ഉത്തരാഖണ്ഡിലുമായി നാല് പേർ മഴക്കെടുതിയിൽ മരിച്ചു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നദികളിൽ ജലനിരപ്പ് ഉയരുമെന്നും മുന്നറിയിപ്പുണ്ട്. ബദരീനാഥ് തീർഥാടനത്തിനെത്തിയ 2000 പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ചതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. ഹരിയാനയിലും കിഴക്കൻ യുപിയിലും അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.
കനത്ത മഴയെ തുടർന്ന് ഉത്തരേന്ത്യയിൽ നെല്ല് കൃഷി വെള്ളത്തിലായി. കൊയ്ത്തിന് പാകമായ ഹെക്ടർ കണക്കിന് നെല്‍പ്പാടമാണ് വെള്ളംകയറി നശിച്ചത്. മധ്യപ്രദേശിലാണ് വ്യാപക കൃഷി നാശം ഉണ്ടായത്. സോയി കലാൻ പ്രദേശത്തെ പടങ്ങളിൽ പൂർണമായും വെള്ളംകയറി. മഴക്കെടുതിയെ തുടർന്ന് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.