തമിഴ്നാട്ടിൽ കനത്ത മഴ; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
|1996ന് ശേഷം ജൂണിൽ ചെന്നൈ നഗരത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ മഴയാണ് ഞായറാഴ്ച ലഭിച്ചത്
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു . ചെന്നൈ, ചെങ്കൽപ്പട്ട്, തിരുവള്ളൂർ , കാഞ്ചിപുരം, റാണിപ്പേട്ട്, വേലൂർ ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. ചെന്നൈയിൽ മീനംബാക്കം, പുറസൈവാക്കം, വേലച്ചേരി, കോയംപേട് അടക്കമുള്ള സ്ഥലങ്ങളിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി.
ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടമാർ അവധി പ്രഖ്യാപിച്ചു. 1996ന് ശേഷം ജൂണിൽ ചെന്നൈ നഗരത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ മഴയാണ് ഇന്നലെ ലഭിച്ചത്. കനത്ത മഴയെത്തുടർന്ന് ചെന്നൈയിൽ ഇറങ്ങേണ്ട 10 വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. നിരവധി അന്താരാഷ്ട്ര വിമാനങ്ങള്‍ പുറപ്പെടുന്നത് വൈകിയിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ 5.30 വരെ ചെന്നൈയിലെ മീനമ്പാക്കത്ത് 13.7 സെന്റീമീറ്റർ മഴ ലഭിച്ചു. പലയിടത്തും വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടായി. പലയിടത്തും മരം മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞാഴ്ച വരെ കനത്ത ചൂടിനെ തുടർന്ന് മൂന്നുതവണയാണ് വിദ്യാലയങ്ങൾ തുറക്കുന്നത് മാറ്റിവെച്ചത്.ഇപ്പോൾ കനത്ത മഴയെ തുടർന്ന് 6 ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപ്പിച്ചു.
വൈകിട്ട് മഴ കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസത്തേക്ക് സംസ്ഥാനത്തുടനീളം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്