കനത്ത മഴയും വെള്ളപ്പൊക്കവും; ആന്ധ്രാ പ്രദേശിനും തെലങ്കാനക്കുമിടയിൽ 20 ഓളം ട്രെയിനുകൾ റദ്ദാക്കി
|ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായതായി റിപ്പോർട്ട്
വിജയവാഡ: കനത്തമഴയും വെള്ളപ്പൊക്കവും മൂലം ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഇടയിൽ 20ഓളം ട്രെയിനുകൾ സർവീസ് നിർത്തിവച്ചു. ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായതായി റിപ്പോർട്ട്.ക്രെയിനുകൾ ഉപയോഗപ്പെടുത്തിയാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയ രണ്ട് ബോഗികളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചത്.
യാത്രക്കാരെ മാറ്റാനുള്ള ശ്രമങ്ങൾ സൗത്ത് സെൻട്രൽ റെയിൽവേ അധികൃതർ തുടരുകയാണ്. യാത്രക്കാരെ ചെന്നൈ, തിരുപ്പതി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രത്യേക ട്രെയിനുകൾ ക്രമീകരിച്ചതായി വിജയവാഡ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ (സീനിയർ ഡിസിഎം) വി.രാംബാബു പറഞ്ഞു.
പാളങ്ങൾ മുങ്ങിയതിനാൽ തമിഴ്‌നാട്, ചാർമിനാർ, ഗോദാവരി എക്‌സ്പ്രസ് ട്രെയിനുകൾ കൊണ്ടപ്പള്ളി, രായണപ്പാട് സ്റ്റേഷനുകളിൽ നിർത്തിയിട്ടിരിക്കുകയാണ്. കനത്ത മഴയെത്തുടർന്ന് മൂന്നിടങ്ങളിൽ ട്രാക്കുകൾ ഒലിച്ചുപോയി. മുൻകരുതൽ നടപടിയുടെ ഭാഗമായി കേസമുദ്രം, ഡോർണക്കൽ, ഖമ്മം തുടങ്ങിയ സ്ഥലങ്ങളിലും ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്.
കുടുങ്ങിയ യാത്രക്കാരെ മാറ്റാൻ ബസുകളും ട്രാക്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. കനത്ത മഴയായതിനാൽ അത്യാവശ്യത്തിന് മാത്രമെ വീടുകളിൽ നിന്ന് പുറത്തിറങ്ങാവു എന്ന് അധികൃതർ അറിയിച്ചു.