'സ്വന്തം പേരിലുള്ള സ്റ്റേഡിയം, ആത്മരതിയുടെ അങ്ങേയറ്റം': നരേന്ദ്ര മോദിയെ പരിഹസിച്ച് ജയറാം രമേശ്
|അഹമ്മദാബാദില്‍ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ നരേന്ദ്ര മോദി ആസ്ത്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം എത്തിയ ശേഷമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശിന്‍റെ പരിഹാസം
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മോദി ആത്മരതിയുടെ അങ്ങേയറ്റത്താണെന്നാണ് ജയറാം രമേശിന്റെ ട്വീറ്റ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ നരേന്ദ്ര മോദി ആസ്ത്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം എത്തിയ ശേഷമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശിന്‍റെ പരിഹാസം.
ഇന്ത്യ - ആസ്ത്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങും മുന്‍പാണ് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആൽബനീസിനൊപ്പം നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയത്. ഇരുവരെയും ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നിയും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും ചേര്‍ന്ന് സ്വീകരിച്ചു.
ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്കുള്ള ടെസ്റ്റ് ക്യാപ് ഇന്ത്യൻ പ്രധാനമന്ത്രിയും ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനുള്ള ടെസ്റ്റ് ക്യാപ് ഓസീസ് പ്രധാനമന്ത്രിയും സമ്മാനിച്ചു. ഇരു പ്രധാനമന്ത്രിമാരും സ്റ്റേഡിയത്തെ വലംവെച്ച് കാണികളെ അഭിവാദ്യം ചെയ്തു. താരങ്ങൾക്കൊപ്പം ദേശീയ ഗാനത്തിനു ശേഷമാണ് ഇരുവരും ഗ്രൌണ്ട് വിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നരേന്ദ്ര മോദി ആത്മരതിയുടെ അങ്ങേയറ്റത്താണെന്ന് ജയറാം രമേശ് പറഞ്ഞത്.
അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പേരുവെട്ടിയാണ് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരുനല്‍കിയത്. രണ്ടു വര്‍ഷം മുന്‍പ് സ്റ്റേഡിയം പുതുക്കിപ്പണിത ശേഷമായിരുന്നു പേരുമാറ്റം.
Summary- Senior Congress leader Jairam Ramesh took potshots at Prime Minister Narendra Modi for taking a lap around the Narendra Modi stadium ahead of the 4th India Australia Test in Gujarat's Ahmedabad on Thursday.