India
NDPP candidate Hekani Jakhalu becomes first woman MLA in Nagaland

Hekani Jakhalu

India

ചരിത്രം കുറിച്ച് ഹെക്കാനി ജെക്കാലു; നാഗാലാൻഡിന് ആദ്യ വനിതാ എം.എൽ.എ

Web Desk
|
2 March 2023 9:32 AM GMT

എന്‍.ഡി.പി.പി സ്ഥാനാര്‍ഥി ഹെക്കാനി ജെക്കാലു ദിമാപൂർ മണ്ഡലത്തിൽ നിന്ന് ജയിച്ചു

കൊഹിമ: സംസ്ഥാന പദവി ലഭിച്ച് 60 വർഷത്തിന് ശേഷം നാഗാലാൻഡില്‍ ആദ്യമായി ഒരു വനിത നിയമസഭയിലേക്ക്. എന്‍.ഡി.പി.പി സ്ഥാനാര്‍ഥി ഹെക്കാനി ജെക്കാലു ദിമാപൂർ മണ്ഡലത്തിൽ നിന്ന് ജയിച്ചു. 48കാരിയായ ഹെക്കാനി ജെക്കാലു അഭിഭാഷകയാണ്. ലോക് ജനശക്തി പാർട്ടിയുടെ അസെറ്റോ ഷിമോമിയെയാണ് ജക്കാലു പരാജയപ്പെടുത്തിയത്. 1536 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജെക്കാലുവിന്‍റെ വിജയം.

അമേരിക്കയില്‍ വിദ്യാഭ്യാസം നേടിയ ജെക്കാലു സാമൂഹ്യ സംരംഭക കൂടിയാണ്. യുവാക്കളുടെ വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ യൂത്ത്നെറ്റിന് നേതൃത്വം നല്‍കുന്നു.

"പുരുഷാധിപത്യ സമൂഹമാണ് നാഗാലാൻഡിലുള്ളത്. പക്ഷേ ചിന്താഗതി മാറുന്നുണ്ട്. എൻ.ഡി.പി.പി എന്നെയും ക്രൂസെയെയും സ്ഥാനാര്‍ഥിയാക്കിയത് ഈ മാറ്റത്തിന്‍റെ പ്രതിഫലനമാണ്"- ജെക്കാലു പറഞ്ഞു.

പടിഞ്ഞാറൻ അംഗമി സീറ്റിൽ എൻ.ഡി.പി.പിയുടെ മറ്റൊരു വനിതാ സ്ഥാനാർഥി സൽഹൗത്യൂനോ ക്രൂസെ ലീഡ് ചെയ്യുന്നുണ്ട്. നാഗാലാൻഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിച്ചത് 183 സ്ഥാനാർഥികളാണ്. ഇവരില്‍ നാല് സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്.

നാഗാലാന്‍ഡില്‍ എന്‍.ഡി.പി.പി - ബി.ജെ.പി സഖ്യം ഭരണത്തുടര്‍ച്ച ഉറപ്പാക്കിയിരിക്കുകയാണ്. 60ല്‍ 38 സീറ്റില്‍ സഖ്യം മുന്നേറുകയാണ്. 2018ലെ തെരഞ്ഞെടുപ്പ് മുതല്‍ ഇരു പാര്‍ട്ടികളും ഇവിടെ സഖ്യത്തിലാണ്. എൻ.ഡി.പി.പി 40 സീറ്റിലും ബി.ജെ.പി 20 സീറ്റിലുമാണ് മത്സരിച്ചത്.

Summary- NDPP leader Hekani Jakhalu of the NDPP made history by becoming the first woman to be elected to the 60-member Nagaland Assembly from the Dimapur-III constituency in the 2023 Nagaland Assembly elections

Similar Posts