ഹേമ കമ്മിറ്റി മോഡൽ കന്നഡയിലും വേണം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ‘ഫയർ' പ്രവർത്തകരുടെ കത്ത്
|സംഘടനയിലെ നടികളും സംവിധായകരും ഉൾപ്പെടെ 153 പേർ ചേർന്നാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയത്
മംഗളൂരു: മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ കന്നഡ സിനിമാ മേഖലയിലും സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാലിറ്റി (‘ഫയർ') മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചു.
കന്നഡ സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അന്വേഷിക്കാൻ റിട്ട: ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് ആവശ്യം. സിനിമാമേഖലയിൽ സ്ത്രീകൾക്ക് സുരക്ഷിതമായും തുല്യതയോടെയും ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാനുള്ള നടപടികൾ അനിവാര്യമാണെന്ന് കത്തിൽ പറയുന്നു.
സിനിമാ മേഖലയിലെ പ്രശനങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ റിട്ട. സുപ്രീം കോടതി ജഡ്ജിയുടെയോ റിട്ട. ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കണമെന്നാണ് ഫയർ കത്തിൽ ആവശ്യപ്പെടുന്നത്. അന്വേഷണം നടത്തി നിർദേശങ്ങൾ സമിതി സമർപ്പിക്കണമെന്നും റിപ്പോർട്ട് മൂന്ന് മാസത്തിനകം പുറത്തുവിടണമെന്നും കത്തിൽ പറയുന്നുണ്ട്.
സംഘടനയിലെ നടികളും സംവിധായകരും ഉൾപ്പെടെ 153 പേർ ചേർന്നാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയത്. സംവിധായിക കവിതാ ലങ്കേഷ്, നടിമാരായ രമ്യ, ഐന്ദ്രിത റോയ്, പൂജാ ഗാന്ധി, ശ്രുതി ഹരിഹരൻ, ചൈത്ര ജെ. ആചാർ, സംയുക്ത ഹെഗ്ഡെ, ഹിത, നടൻമാരായ സുദീപ്, ചേതൻ അഹിംസ തുടങ്ങിയവരാണ് മുഖ്യമന്ത്രിക്ക് കത്തയച്ചവരിൽ പ്രമുഖർ.
അതിനിടെ, കന്നഡ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ഉമേഷ് ബണക്കാർ, ഫയറിൻ്റെ നീക്കത്തെ ആദ്യം സ്വാഗതം ചെയ്തെങ്കിലും പിന്നീട് അത്തരമൊരു കമ്മിറ്റി രൂപീകരിക്കേണ്ട ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചത് ചർച്ചയ്ക്കിടയാക്കി. സിനിമാ മേഖലയിൽ സ്ത്രീ സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്താൻ ഇത്തരം നീക്കം അനിവാര്യമാണെന്നാണ് ബണക്കാർ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ സിനിമാ മേഖലയിലെ അസോസിയേഷനുകൾ തന്നെ ശക്തമാണെന്നും ഇന്നേവരെ അത്തരം പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് രാജ്യത്തുടനീളമുള്ള സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനുളള വഴികാട്ടിയാകുമെന്നും ലിംഗസമത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും കന്നഡ നടനും ആക്ടിവിസ്റ്റുമായ ചേതൻ കുമാർ പറഞ്ഞു. കന്നട സിനിമാ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
‘മീ ടു’ആരോപണങ്ങൾ കന്നഡ സിനിമാമേഖലയിൽ ശക്തമായപ്പോൾ രൂപംകൊണ്ട സംഘടനയാണ് ‘ഫയർ’. അതിക്രമം നേരിടുന്നവർക്ക് പരാതി നൽകുന്നതിനുള്ള വേദിയായാണ് തുടങ്ങിയത്. ദേശീയ പുരസ്കാര ജേതാവായ നടി ശ്രുതി ഹരിഹരൻ, പ്രമുഖ നടൻ അർജുൻ സർജയുടെ പേരിൽ ലൈംഗികാരോപണമുന്നയിച്ചപ്പോൾ സംഘടന ശക്തമായ പിന്തുണ നൽകിയിരുന്നു. ശ്രുതിയുടെ പരാതിയിൽ അർജുൻ സർജയുടെ പേരിൽ ബെംഗളൂരുവിലെ കബ്ബൺ പാർക്ക് പൊലീസ് അന്ന് കേസെടുത്തിരുന്നു. പിന്നീട് സർജയ്ക്ക് ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.