ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുമതി
|ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്കാണ് ജാർഖണ്ഡിൽ വിശ്വാസ വോട്ടെടുപ്പ്.
ന്യൂഡൽഹി: ഇ.ഡി അറസ്റ്റ് ചെയ്ത ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ പ്രത്യേക കോടതിയുടെ അനുമതി. ഫെബ്രുവരി അഞ്ചിനാണ് ജാർഖണ്ഡിൽ വിശ്വാസ വോട്ടെടുപ്പ്.
സർക്കാരിനെ താഴെയിറക്കുകയാണ് ഇ.ഡിയുടെ യഥാർഥ ലക്ഷ്യം. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ഹേമന്ത് സോറന്റെ ഹരജിയെ ഇ.ഡി ശക്തമായി എതിർത്തതിലൂടെ യഥാർഥ പൂച്ച പുറത്തായെന്നും അഡ്വക്കറ്റ് ജനറൽ രാജീവ് രഞ്ജൻ പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്കാണ് ജാർഖണ്ഡിൽ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. 81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ജെ.എം.എമ്മിന് 29 എം.എൽ.എമാരാണുള്ളത്. സഖ്യകക്ഷിയായ കോൺഗ്രസിന് 17 സീറ്റും ആർ.ജെ.ഡി, സി.പി.ഐ (എം.എൽ) എന്നിവക്ക് ഓരോ സീറ്റുമാണുള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ 41 എം.എൽ.എമാരുടെ പിന്തുണ വേണം. തങ്ങൾക്ക് 43 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് ചംപയ് സോറൻ അവകാശപ്പെടുന്നത്.