ഹേമന്ത് സോറൻ: മുഖ്യമന്ത്രി പദത്തിലിരിക്കെ അറസ്റ്റിലാകുന്ന മൂന്നാമത്തെ ജാർഖണ്ഡ് മുഖ്യമന്ത്രി
|സംസ്ഥാനം രൂപീകരിച്ച് 23 വർഷം പിന്നിടുന്നതിനിടയിലാണ് മൂന്ന് മുഖ്യമന്ത്രിമാർ അറസ്റ്റിലാകുന്നത്
ജാർഖണ്ഡ്: മുഖ്യമന്ത്രി പദത്തിലിരിക്കെ അറസ്റ്റിലാകുന്ന മൂന്നാമത്തെ ജാർഖണ്ഡ് മുഖ്യമന്ത്രിയാണ് ഹേമന്ത് സോറൻ. ഹേമന്ത് സോറന്റെ പിതാവ് ഷിബു സോറനും മധു കോഡയുമൊണ് ഇതിന് മുമ്പ് അറസ്റ്റിലായ മുഖ്യമന്ത്രിമാർ. 2000 നവംബർ 15 നാണ് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇന്നലെ ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. 23 വർഷം പിന്നിടുന്നതിനിടയിലാണ് മൂന്ന് മുഖ്യമന്ത്രിമാർ അറസ്റ്റിലാകുന്നത്. ആറ് മുഖ്യമന്ത്രിമാരാണ് ഈ കാലയളവിൽ പലപ്പോഴായി സംസ്ഥാനം ഭരിച്ചത്. ഇതിനിടയിൽ മൂന്ന് തവണ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലാവുകയും ചെയ്തു.
ഹേമന്ത് സോറൻ
2019 ഡിസംബർ 29 നാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിപദത്തിലെത്തുന്നത്.അനധികൃതമായി ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്ന മാഫിയയുടെ മറവിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നതായും ഇതുമായി സോറന് ബന്ധമുണ്ടെന്നുമാണ് ഇ.ഡിയുടെ ആരോപണം. കേസിൽ 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഹേമന്ത് സോറനെ ബുധനാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് 36 ലക്ഷം രൂപയും ബി.എം.ഡബ്ല്യൂ കാർഡും പിടിച്ചെടുത്തു. അതിന് പിന്നാലെ ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം ബുധനാഴ്ച രാജിവച്ചിരുന്നു.തുടർന്ന് ചംബൈ സോറനെ മുഖ്യമന്ത്രിയായി ജാർഖണ്ഡ് മുക്തി മോർച്ച പ്രഖ്യാപിച്ചു.
മധു കോഡ
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയായിരുന്ന മധു കോഡ തൻ്റെ ഭരണകാലത്ത് അഴിമതിക്കേസിലാണ് ജയിലിലായത്.2006 - 2008 കാലയളവിൽ യുപിഎ സഖ്യത്തിൽ മുഖ്യമന്ത്രിയായിരുന്ന മധു കോഡയെ കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത സ്വത്ത് സമ്പാദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഖനന അഴിമതിയിൽ പങ്കാളിയായെന്നും മുഖ്യമന്ത്രിയായിരിക്കെ കൽക്കരി, ഖനന ബ്ലോക്കുകൾ അനുവദിച്ചതിന് കൈക്കൂലി വാങ്ങിയതായി സിബിഐയും ഇഡിയും ആരോപിച്ചിരുന്നു. 4000 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുള്ളത്. ഹവാല ഇടപാട്, അനധികൃത സ്വത്ത് തുടങ്ങിയ നാല് കേസുകളിലും ഇയാൾ ശിക്ഷിക്കപ്പെട്ടു.2009-ൽ അറസ്റ്റിലായ കോഡ 2013-ൽ ജാമ്യത്തിൽ പുറത്തിറങ്ങി.
ഷിബു സോറൻ
1994-ൽ പ്രൈവറ്റ് സെക്രട്ടറി ശശിനാഥ് ഝായെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് ഹേമന്ത് സോറൻ്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറനെ 2006 ഡിസംബർ 5-ന് ഡൽഹി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
മൻമോഹൻ സിംഗ് സർക്കാറിന്റെ മന്ത്രിസഭയിൽ കൽക്കരി മന്ത്രിയായിരുന്നു ഷിബു സോറൻ. തെളിവുകളില്ലെന്ന് പറഞ്ഞ് 2007 ൽ ഷിബു സോറനെ ഡൽഹി ഹൈകോടതി കുറ്റവിമുക്തനാക്കി. 2018 ഏപ്രിലിൽ സുപ്രീം കോടതി ആ വിധി ശരിവച്ചു.1994 മേയിൽ കാണാതാവുന്ന ശശി നാഥ് ഝായുടെ മൃതദേഹം പിന്നീട് റാഞ്ചിയിൽ നിന്നാണ് കണ്ടെത്തുന്നത്. പാർലമെൻ്റിൽ വിശ്വാസവോട്ട് നേടുന്നതിനായി സോറനും അദ്ദേഹത്തിൻ്റെ പാർട്ടിയിലെ മറ്റ് അംഗങ്ങൾക്കും അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവു കൈക്കൂലി നൽകിയതായി ശശിനാഥ് ഝാ അറിഞ്ഞിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.