India
Hemant Soren,Amit Shah ,land jihad,Jharkhand chief minister Hemant Soren,s,ഹേമന്ദ് സോറന്‍,അമിത് ഷാ,ജാര്‍ഖണ്ഡ്
India

'ജാർഖണ്ഡില്‍ ലവ് ജിഹാദും ലാൻഡ് ജിഹാദും പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഹേമന്ദ് സോറൻ'; വിദ്വേഷ പ്രസംഗവുമായി അമിത്ഷാ

Web Desk
|
20 July 2024 4:06 PM GMT

'മുഖ്യമന്ത്രി ആദിവാസികളുടെ ഭൂമിയുടെയും ജനസംഖ്യയുടെയും സന്തുലിതാവസ്ഥ തകർക്കുകയാണ്'

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്ത് ലവ് ജിഹാദും ലാൻഡ് ജിഹാദും പ്രചരിപ്പിക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നായിരുന്നു അമിത്ഷായുടെ ആരോപണം. റാഞ്ചിയിലെ പ്രഭാത് താര ഗ്രൗണ്ടിൽ നടന്ന പാർട്ടി പൊതുയോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു അമിത്ഷായുടെ പരാമർശം. ഹേമന്ദ് സോറന്റെ നയങ്ങൾ സംസ്ഥാനത്ത് ആദിവാസികളുടെ ജനസംഖ്യാപരമായ മാറ്റങ്ങൾക്ക് കാരണമായെന്നും അമിത് ഷാ പറഞ്ഞു.

'ആദിവാസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി, ആദിവാസികളെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം, 'ലാൻഡ് ജിഹാദും,' 'ലവ് ജിഹാദും' പ്രചരിപ്പിച്ച് ഭൂമിയുടെയും ജനസംഖ്യയുടെയും സന്തുലിതാവസ്ഥ തകർക്കുകയാണ്. ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ ആദിവാസി പെൺകുട്ടികളെ വിവാഹം കഴിക്കുകയും സർട്ടിഫിക്കറ്റ് നേടുകയും ഭൂമി വാങ്ങുകയും ചെയ്യുന്നു. വരും കാലങ്ങളിൽ ആദിവാസി ജനസംഖ്യ കുറയാൻ ഇത് കാരണമാകുന്നു. ഇപ്പോൾ പോലും ആദിവാസി ജനസംഖ്യ കുറഞ്ഞു'. അമിത് ഷാ പറഞ്ഞു.

ജാർഖണ്ഡിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ആദിവാസികളുടെ ഭൂമിയും അവകാശങ്ങളും ജനസംഖ്യയും സംരക്ഷിക്കുന്നതിനായി ധവളപത്രം പുറത്തിറക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 81 നിയമസഭാ മണ്ഡലങ്ങളിൽ 52ലും ബി.ജെ.പിക്ക് വിജയിക്കാൻ സാധിച്ചു. നിങ്ങൾ വിചാരിച്ചാൽ ജാർഖണ്ഡിലും സർക്കാർ രൂപീകരിക്കാനാകുമെന്ന് പാർട്ടിക്ക് ആത്മവിശ്വാസമുണ്ട്. ബി.ജെ.പി സർക്കാർ രൂപീകരിച്ചാൽ ആദിവാസികളുടെ ഭൂമിയും ജനസംഖ്യയും സംവരണവും ഞങ്ങൾ ഉറപ്പാക്കും,'' അദ്ദേഹം പറഞ്ഞു.

ധാരാളം അനധികൃത കുടിയേറ്റക്കാർ ജാർഖണ്ഡിലേക്ക് പ്രവേശിക്കുകയും ആദിവാസി സ്ത്രീകളെ വിവാഹം കഴിച്ച് ഭൂമി വാങ്ങി ഇവിടുത്തെ ജോലികൾ ഏറ്റെടുത്ത് ചെയ്യുകയാണ്.ഇത് യുവാക്കളുടെ തൊഴിലവസരങ്ങളെ നേരിട്ട് ബാധിക്കുന്നുവെന്നും അമിത് ഷാ അവകാശപ്പെട്ടു.

ഹേമന്ദ് സോറൻ തന്റെ വോട്ട് ബാങ്ക് വർദ്ധിപ്പിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ക്ഷേമ നടപടികൾ സ്വന്തം കുടുംബത്തിന് മാത്രമാണ് പ്രയോജനപ്പെടുന്നതെന്നും അമിത്ഷാ ആരോപിച്ചു.

'ഏറ്റവും അഴിമതി നിറഞ്ഞ സർക്കാറാണ് ജാർഖണ്ഡിലുള്ളത്. ഒരു കോൺഗ്രസ് എംപിയുടെ വീട്ടിൽ നിന്ന് 300 കോടി രൂപ കണ്ടെത്തി, ഒരു മന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് 30 കോടി രൂപ കണ്ടെത്തി, ആരുടെ പണമാണെന്ന് കോൺഗ്രസ് ഉത്തരം പറയണം. ഇത്തരത്തിൽ അഴിമതിക്കാർക്കൊപ്പമാണ് കോൺഗ്രസ് ഓടുന്നത്, ജാർഖണ്ഡ് മുക്തി മോർച്ചയും അവർക്കൊപ്പമാണ്,' ഷാ പറഞ്ഞു.

Similar Posts