India
Karnataka BJP MLA, Pre-Arrest Bail,Madal Virupakshappa,Prashanth Madal,Karnataka BJP MLA Madal Virupakshappa, corruption case,
India

കൈക്കൂലി കേസിൽ ഒളിവില്‍ പോയ എം.എൽ.എ തിരിച്ചെത്തി; 'വീരോചിത' സ്വീകരണം നൽകി പ്രവർത്തകർ

Web Desk
|
8 March 2023 2:27 AM GMT

40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മകൻ അറസ്റ്റിലായ കേസിലാണ് എം.എൽ.എക്ക് ജാമ്യം ലഭിച്ചത്

ബംഗളൂരു: കൈക്കൂലി കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം ലഭിച്ച കർണാടക ബിജെപി എം.എൽ.എ മദൽ വിരൂപാക്ഷപ്പയ്ക്ക് വൻ സ്വീകരണം നൽകി പാർട്ടി പ്രവർത്തകർ. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചന്നാഗിരി എം.എൽ.എ കൂടിയായ മദൽ വിരൂപാക്ഷപ്പയുടെ മകനടക്കം നാല് പേരെ കഴിഞ്ഞദിവസം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ എം.എൽ.എയെയും കാണാതായി. അഞ്ചു ദിവസമായി മുങ്ങിയ എം.എൽ.എ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പുറത്ത് വന്നത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.

മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചു ജനക്കൂട്ടം എംഎൽഎയുടെ കാറിന് അരികിലൂടെ നടന്നു നീങ്ങുന്ന വീഡിയോ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചു. പ്രവർത്തകർക്ക് നേർക്ക് എം.എൽ.എ കൈവീശിക്കാണിക്കുന്നതും വീഡിയോയിലുണ്ട്.

കഴിഞ്ഞാഴ്ചയായിരുന്നു വിരൂപാക്ഷപ്പയ്ക്ക് വേണ്ടി കൈക്കൂലി വാങ്ങിയെന്നാരോപിച്ചായിരുന്നു ലോകായുക്ത പോലീസ് മകൻ പ്രശാന്ത് മദലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് വീട്ടിൽ നടന്ന പരിശോധനയിൽ ആറുകോടിയോളം രൂപയും കണ്ടെത്തിയിരുന്നു. ഇതു കൂടാതെ കെ.എസ്.ഡി.എൽ ഓഫീസിൽ നിന്ന് 1.7 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എംഎൽഎ ചെയർമാനായിരുന്ന കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന് (കെഎസ്ഡിഎൽ) അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ നേടാനായിരുന്നു കൈക്കൂലി വാങ്ങിയതെന്ന് ലോകായുക്ത പോലീസ് പറഞ്ഞു.


തൊട്ടടുത്ത ദിവസം എം.എൽ.എ ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ എം.എൽ.എ ഒളിവിൽ പോകുകയും ചെയ്തു. എം.എൽ.എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാനത്തുടനീളം പോസ്റ്ററുകൾ പതിച്ചിരുന്നു.



Similar Posts