പങ്കാളിക്കെതിരെ അപകീര്‍ത്തിപരമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നത് ക്രൂരതയ്ക്ക് തുല്യം; ഷെഫ് കുനാല്‍ കപൂറിന് വിവാഹമോചനം അനുവദിച്ച് കോടതി
|വിവാഹമോചനം നിഷേധിച്ച കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കുനാൽ കപൂർ നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു
ഡല്‍ഹി: സെലിബ്രിറ്റി ഷെഫ് കുനാൽ കപൂറിന് ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച വിവാഹമോചനം അനുവദിച്ചു. ഭാര്യ ക്രൂരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് കുനാല്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. വിവാഹമോചനം നിഷേധിച്ച കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കുനാൽ കപൂർ നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു.
പങ്കാളിക്കെതിരെ അശ്രദ്ധവും അപകീർത്തികരവും അപമാനകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നത് ക്രൂരതയ്ക്ക് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ വസ്തുതകള്‍ പരിശോധിച്ചാല്‍ ഭാര്യ ഭര്‍ത്താവിനോട് മാന്യതയും സഹാനുഭൂതിയും ഇല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് മനസിലാകുമെന്ന് കോടതി വ്യക്തമാക്കി. ''ഒരു പങ്കാളിക്ക് മറ്റൊരാളോടുള്ള സ്വഭാവം ഇങ്ങനെയായിരിക്കുമ്പോൾ, അത് വിവാഹത്തിൻ്റെ സത്തയ്ക്ക് തന്നെ അപമാനം വരുത്തുന്നു. വേദന സഹിച്ചുകൊണ്ട് ഒരുമിച്ച് ജീവിക്കാന്‍ നിര്‍ബന്ധിതനാകുന്നത് എന്തുകൊണ്ടാണെന്നതിന് ഒരു കാരണവുമില്ല." ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, നീന ബൻസാൽ കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
2008 ഏപ്രിലാണ് കുനാല്‍ വിവാഹിതനാകുന്നത്. 2012ല്‍ ദമ്പതികള്‍ക്ക് ഒരു മകന്‍ ജനിച്ചു. തൻ്റെ ഭാര്യ ഒരിക്കലും മാതാപിതാക്കളെ ബഹുമാനിക്കുന്നില്ലെന്നും തന്നെ അപമാനിച്ചെന്നും കുനാല്‍ ഹരജിയില്‍ ആരോപിച്ചു."മാസ്റ്റർ ഷെഫ്" എന്ന ടെലിവിഷൻ ഷോയിലെ വിധികർത്താവായിരുന്നു കുനാൽ.എന്നാല്‍, കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് യുവതി ആരോപിച്ചു. സ്നേഹനിധിയായ ഭാര്യയെപ്പോലെ ഭർത്താവുമായി ആശയവിനിമയം നടത്താൻ താൻ എപ്പോഴും ശ്രമിച്ചിരുന്നുവെന്നും അദ്ദേഹത്തോട് ആത്മാര്‍ഥതയുള്ളവളാണെന്നും യുവതി വ്യക്തമാക്കി. വിവാഹമോചനം നേടുന്നതിനായി കുനാല്‍ ഇല്ലാത്ത കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്നും യുവതി ആരോപിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ദാമ്പത്യ ജീവിതത്തില്‍ സാധാരണമാണെങ്കിലും ഇത്തരം സ്ഘര്‍ഷങ്ങള്‍ പങ്കാളിയോടുള്ള അനാദരവിന്‍റെ രൂപത്തിലാകുമ്പോള്‍ വിവാഹത്തിന്‍റെ പവിത്രത തന്നെ നഷ്ടപ്പെടുമെന്ന് കോടതി പറഞ്ഞു. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ കുനാല്‍ ഒരു സെലിബ്രിറ്റി ഷെഫായി മാറിയത് അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതിഫലനമാണെന്നും കോടതി നിരീക്ഷിച്ചു.
"മുൻപ് പറഞ്ഞ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ, കോടതിയുടെ ദൃഷ്ടിയിൽ പരാതിക്കാരനെ അപകീർത്തിപ്പെടുത്താൻ പ്രതിഭാഗം ഉന്നയിക്കുന്ന വെറും ആരോപണങ്ങളാണിതെന്നും അത്തരം അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഒരാളുടെ പ്രശസ്തിയെ ബാധിക്കുമെന്നും അതിനാൽ അത് ക്രൂരതയ്ക്ക് തുല്യമാണെന്നും ," ബെഞ്ച് പറഞ്ഞു.