വധശ്രമക്കേസ്: ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്റെ ഹരജിയിൽ ഹൈക്കോടതി നാളെ വിധി പറയും
|തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് മുഹമ്മദ് ഫൈസലിനെ വിചാരണ കോടതി 10 വർഷം തടവിന് ശിക്ഷിച്ചത്.
കൊച്ചി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ നൽകിയ അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. വധശ്രമം തന്നെയാണ് നടന്നതെന്നും സാക്ഷിമൊഴികളിൽ വൈരുദ്ധ്യമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
വധശ്രമക്കേസിൽ ശിക്ഷാവിധി നടപ്പിലാക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസൽ ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷാവിധിക്കൊപ്പം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സസ്‌പെൻഡ് ചെയ്യണമെന്നും മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും കോടതിയിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവിനെ വധിക്കാൻ ശ്രമിച്ച കുറ്റത്തിനാണ് മുഹമ്മദ് ഫൈസലിനെ വിചാരണ കോടതി 10 വർഷം തടവിന് ശിക്ഷിച്ചത്.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഫൈസലിന്റെ എം.പി സ്ഥാനം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹരജി സുപ്രിംകോടതി ഈ മാസം 27ന് പരിഗണിക്കും.