എം.പിമാർക്കും എം.എൽ.എമാർക്കും എതിരെയുള്ള കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി
|ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം എന്ന ഹരജി കോടതി പിന്നീട് പരിഗണിക്കും
ന്യൂഡല്‍ഹി: എം.പിമാർക്കും എം.എൽ.എമാർക്കും എതിരെയുള്ള കേസുകളുടെ വിചാരണ വേഗത്തിലാക്കണമെന്ന് സുപ്രീംകോടതി. നിരീക്ഷണത്തിന് ഹൈക്കോടതികൾ പ്രത്യേക ബെഞ്ചിന് ചുമതല നൽകണം എന്നും സുപ്രീംകോടതി നിർദേശം നൽകി. അതേസമയം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം എന്ന ഹരജി കോടതി പിന്നീട് പരിഗണിക്കും.
ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളുടെ വിചാരണയിൽ പൊതുമാനദണ്ഡം ബുദ്ധിമുട്ടെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. പല സംസ്ഥാനങ്ങളിലും വിചാരണ വൈകാൻ വ്യത്യസ്ത കാരണങ്ങളായതിനാൽ ഏകീകൃത മാനദണ്ഡം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ ഇത്തരം കേസുകൾ പരിഗണിക്കുന്നതിനായി ഹൈക്കോടതികൾക്ക് നടപടി സ്വീകരിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇതിനുവേണ്ട നിർദേശങ്ങളും സുപ്രീംകോടതി മുന്നോട്ടുവച്ചു. ഹൈക്കോടതികൾ ഈ കേസുകൾ നിരീക്ഷിക്കാൻ പ്രത്യേക ബെഞ്ചുകൾക്ക് ചുമതല നല്‍കണം. ആവശ്യമെങ്കിൽ അഡ്വക്കേറ്റ് ജനറലിന്റെ സഹായം ബെഞ്ചിന് തേടാം. കേസുകളിൽ വിചാരണയ്ക്ക് സ്റ്റേയുണ്ടെങ്കിൽ ഹൈക്കോടതി പരിശോധിക്കണമെന്നും വൈകുന്നതിന്റെ കാരണം സെഷൻസ് കോടതികളോട് തേടണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
കേസുകൾ വൈകുന്നത് ചൂണ്ടിക്കാട്ടി അശ്വിനി കുമാർ ഉപാദ്ധ്യായ നല്കിയ ഹരജിയിലാണ് ഉത്തരവ്. അതേസമയം ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം എന്ന ആവശ്യത്തിൽ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.