മുംബൈ എൻ.ജി ആചാര്യ കോളജിൽ വീണ്ടും ഹിജാബ് നിരോധനം; പ്രിൻസിപ്പലിന് വക്കീൽ നോട്ടീസയച്ച് വിദ്യാർഥിനി
|പ്രത്യേക ഡ്രസ് കോഡ് ചൂണ്ടിക്കാട്ടിയാണ് ശിരോവസ്ത്ര വിലക്കിനെ കോളജ് അധികൃതർ ന്യായീകരിക്കുന്നത്.
മുംബൈ: എൻ.ജി ആചാര്യ ആൻഡ് ഡി.കെ മറാത്ത കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കൊമേഴ്സിൽ വീണ്ടും ശിരോവസ്ത്ര നിരോധനം. കോളജിൽ ബുർഖയും നിഖാബും ഹിജാബും ധരിച്ച് വരുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഒരു വ്യക്തിയുടെ മതം വെളിപ്പെടുത്തുന്ന ഹിജാബ്, ബുർഖ, നിഖാബ്, തൊപ്പി, ബാഡ്ജ് പോലുള്ള ഒഴിവാക്കണമെന്നാണ് കോളജ് അധികൃതർ വിദ്യാർഥികൾക്ക് നൽകിയ നിർദേശം. നേരത്തേ കാമ്പസിൽ ബുർഖയും ഹിജാബും നിരോധിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു.
പ്രത്യേക ഡ്രസ് കോഡ് ചൂണ്ടിക്കാട്ടിയാണ് ശിരോവസ്ത്ര വിലക്കിനെ കോളജ് അധികൃതർ ന്യായീകരിക്കുന്നത്. എന്നാൽ വിലക്കിനെതിരെ വിദ്യാർഥികൾ രംഗത്തെത്തി. ബി.എസ്.സി വിദ്യാർഥിനിയായ ഷെയ്ഖ് നസ്രീൻ ബാനു മുഹമ്മദ് തൻസിം കോളജിന് വക്കീൽ നോട്ടീസ് അയച്ചു. കോളജിൽ പഠിക്കുന്ന മുസ്‌ലിം പെൺകുട്ടികളുടെ അവകാശങ്ങൾ ഹനിക്കുന്നതാണ് ശിരോവസ്ത്ര വിലക്കെന്നും അതിനാൽ തീരുമാനം പിൻവലിക്കണമെന്നും പ്രിൻസിപ്പൽ ഡോ. വിദ്യാഗൗരി ലെലെയ്ക്ക് മേയ് 15ന് അയച്ച വക്കീൽ നോട്ടീസിൽ വിദ്യാർഥിനി ആവശ്യപ്പെടുന്നു.
'അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം ഉടൻ ആരംഭിക്കും. 2024 ജൂൺ മുതൽ തുടങ്ങുന്ന അധ്യയന വർഷത്തിൽ എല്ലാ വിദ്യാർഥികൾക്കും പ്രത്യേക ഡ്രസ് കോഡ് നിർബന്ധമായിരിക്കും. കോളജിൽ ഔപചാരികവും മാന്യവുമായ വസ്ത്രം മാത്രമേ ധരിക്കാവൂ. വിദ്യാർഥികൾക്ക് ഫുൾ ഷർട്ട് അല്ലെങ്കിൽ ഹാഫ് ഷർട്ട്, സാധാരണ പാന്റ് ധരിക്കാം. പെൺകുട്ടികൾക്ക് ഏത് ഇന്ത്യൻ വസ്ത്രവും ധരിക്കാം. എന്നാൽ ബുർഖ, നിഖാബ്, ഹിജാബ് അല്ലെങ്കിൽ ബാഡ്ജ്, തൊപ്പി പോലുള്ള മതം വെളിപ്പെടുത്തുന്ന ഏതെങ്കിലും വസ്ത്രധാരണം അനുവദിക്കുന്നതല്ല'- കോളജ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
'അത്തരം വസ്ത്രങ്ങൾ ധരിച്ചാണ് വരുന്നതെങ്കിൽ കോളജിലെത്തിയാലുടൻ അത് നീക്കണം. എങ്കിൽ മാത്രമേ കോളജിനകത്തേക്ക് പ്രവേശിപ്പിക്കൂ. ആഴ്ചയിൽ ഒരു ദിവസം, അതായത് വ്യാഴാഴ്ച ഡ്രസ് കോഡിൽ ഇളവുണ്ടായിരിക്കും. എന്നാൽ അന്ന് മാന്യമായ വസ്‍ത്രം ധരിച്ച് കോളജിലെത്തണം'- സർക്കുലർ വിശദമാക്കുന്നു.
നേരത്തെ, കഴിഞ്ഞ ആഗസ്റ്റിൽ ബുർഖയും നിഖാബും ധരിച്ചെത്തിയ പ്ലസ്ടു വിദ്യാർഥികൾക്ക് കോളജിൽ പ്രവേശനം നിഷേധിച്ചിരുന്നു. കോളജിൻ്റെ പുതിയ യൂണിഫോം നയമനുസരിച്ച് യൂണിഫോമിന് മുകളിൽ ബുർഖയോ നിഖാബോ ധരിക്കാൻ അനുവദിക്കുന്നില്ലെന്നാണ് അധികൃതർ ഇവരോട് പറഞ്ഞത്. സംഭവം വിവാദമായതോടെ എൻ.ജി.ഒ ആയ എക്സാ എജ്യൂക്കേഷൻ ഫൗണ്ടേഷൻ കോളജ് പ്രിൻസിപ്പലിനോട് വിശദീകരണം തേടിയിരുന്നു.
ഇത്തരം വിലക്കുകൾ മുസ്‌ലിം പെൺകുട്ടികളെ ഉന്നത വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നതിൽ നിന്ന് തടയുമെന്ന് എക്സാ എജ്യുക്കേഷൻ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. മതം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് മുസ്‍ലിം പെൺകുട്ടികളുടെ അവകാശമാണെന്നും അത് നിഷേധിക്കാനുള്ള തീരുമാനം ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെ ലംഘനമാണെന്നും വിദ്യാർഥികളും പ്രതികരിച്ചു.