India
ഹിജാബ് വിലക്ക്; കർണാടകയിൽ ആരും പഠനം നിർത്തിയിട്ടില്ലെന്ന് മന്ത്രി, വാദം തള്ളി കണക്കുകൾ
India

ഹിജാബ് വിലക്ക്; കർണാടകയിൽ ആരും പഠനം നിർത്തിയിട്ടില്ലെന്ന് മന്ത്രി, വാദം തള്ളി കണക്കുകൾ

Web Desk
|
29 Sep 2022 6:26 AM GMT

ഹിജാബ് വിലക്കിയതിന് ശേഷം മംഗളൂരു സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ നിന്ന് 16 ശതമാനം മുസ്ലിം വിദ്യാർത്ഥിനികളാണ് ടിസി വാങ്ങിയത്

ബംഗളൂരു: ഹിജാബ് വിലക്കിയതിന്റെ പേരിൽ കർണാടകയിൽ ഒരു വിദ്യാർത്ഥി പോലും പഠനം അവസാനിപ്പിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. സംസ്ഥാനത്തെ കോളേജുകളിൽ നിന്ന് നിരവധി വിദ്യാർത്ഥികൾ കൊഴിഞ്ഞുപോകുന്നുവെന്ന് വിവരാവകാശ കണക്കുകൾ പുറത്തുവന്നിരുന്നു. ഇതിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

'കർണാടക സർക്കാറിന്റെ നിലപാട് ഹൈക്കോടതി ശരിവെച്ചിരുന്നു. കർണാടക വിദ്യാഭ്യാസ നിയമം അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ഒന്നും അനുവദിക്കുന്നില്ല. ഇത്രയും നാൾ ഇതനുസരിച്ചാണ് വിദ്യാർത്ഥികൾ മുന്നോട്ട് പോയത്. എന്നാൽ, ഈ ആറ് വിദ്യാർത്ഥികൾക്ക് മാത്രം എങ്ങനെയാണ് ഹിജാബ് ധരിക്കണമെന്ന ചിന്തയുണ്ടായത്?'; മന്ത്രി ചോദിക്കുന്നു.

ഉഡുപ്പിയിൽ മാത്രം എട്ട് കോളേജുകളാണുള്ളത്. ഇവിടെയെല്ലാം ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾ പഠിക്കുന്നുണ്ട്. എന്നാൽ, ഒരു കോളേജിലെ ആറ് വിദ്യാർത്ഥികളല്ലാതെ മറ്റാരും ഹിജാബ് വിലക്കിനെതിരെ രംഗത്തെത്തിയില്ല. തങ്ങളുടെ കണക്കുപ്രകാരം ഒരു കുട്ടിയും പഠനം നിർത്തി പോയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ, മന്ത്രിയുടെ വാദങ്ങൾ പാടെ തള്ളുന്നതാണ് പുറത്തുവന്ന വിവരാവകാശ കണക്കുകൾ. ഹിജാബ് വിലക്കിയതിന് ശേഷം മംഗളൂരു സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ നിന്ന് 16 ശതമാനം മുസ്ലിം വിദ്യാർത്ഥിനികളാണ് ടിസി വാങ്ങിയത്. ഹിജാബില്ലാതെ ക്‌ളാസിലിരിക്കാൻ താൽപര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടിസി നൽകുമെന്ന് മംഗളൂരു സർവകലാശാല വൈസ് ചാൻസലർ പ്രഫ. പി.എസ്. യദ്പാഥിതായ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനികൾ കൂട്ടത്തോടെ ടിസി വാങ്ങിയതെന്ന് വിവരാവകാശ കണക്കുകൾ പറയുന്നു.

ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ മംഗളൂരു സർവകലാശാലക്ക് കീഴിലെ കോളജുകളിൽ 2020-21, 2021-22 വർഷങ്ങളിൽ പ്രവേശനം നേടിയ 900 മുസ്‍ലിം വിദ്യാർഥിനികളിൽ 145 പേരാണ് ടി.സി വാങ്ങിയത്. ചില വിദ്യാർത്ഥികൾ ഹിജാബ് അനുവദിക്കുന്ന കോളേജുകളിൽ പ്രവേശനം നേടിയപ്പോൾ സ്വകാര്യ സ്ഥാപനങ്ങളിലെ ഉയർന്ന ഫീസ് താങ്ങാനാകാത്ത മറ്റുള്ളവർക്ക് പാതിവഴിയിൽ പഠനം അവസാനിപ്പിക്കേണ്ടി വന്നു.

ഹാലിയംഗാടി ഗവ. കോളജ്, അജാർക്കാട് ഗവ. കോളജ് എന്നിവിടങ്ങളിൽ നിന്നെല്ലാം വൻ തോതിൽ മുസ്‍ലിം വിദ്യാർഥിനികൾ കൊഴിഞ്ഞുപോയിട്ടുണ്ട്. മിക്ക വിദ്യാർത്ഥികളും ടിസി പോലും വാങ്ങാതെയാണ് പഠനം അവസാനിപ്പിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഹിജാബ് അനുവദിക്കുന്ന സ്വകാര്യ കോളജുകളിൽ അഡ്മിഷൻ നേടിയ കുട്ടികളിൽ പലർക്കും പഠനം തുടരാനുള്ള സാങ്കേതിക തടസവുമുണ്ട്. അതേസമയം, കോളേജുകളിൽനിന്ന് കൊഴിഞ്ഞുപോകുന്ന വിദ്യാർഥികളുടെ എണ്ണം ഇപ്പോൾ ലഭ്യമായതിനെക്കാൾ കൂടുതലായിരിക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നത്.

ഹിജാബ് ധരിച്ച ആറ് മുസ്‍ലിം വിദ്യാർഥികളെ ഉഡുപ്പി ഗവ. പ്രീയൂനിവേഴ്സിറ്റി കോളേജിൽ നിന്ന് വിലക്കിയതാണ് കർണാടകയിലെ ഹിജാബ് വിവാദത്തിന് തുടക്കമായത്. കോളേജിൽ തുടങ്ങിയ പ്രതിഷേധം പിന്നീട് സംസ്ഥാന വ്യാപകമാവുകയായിരുന്നു.

ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികളടക്കം കർണാടക ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, ഹിജാബ് ധരിക്കൽ ഇസ്ലാമിൽ നിർബന്ധമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഇതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 16ന് എല്ലാ സ്കൂളിലും ഹിജാബ് നിരോധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. ഇതിനെതിരെ സുപ്രിം കോടതിയിലും ഹരജികൾ സമർപ്പിച്ചിരുന്നു.

ഇതിൽ സുപ്രിംകോടതിയിൽ വാദം കേൾക്കൽ പൂർത്തിയായി. 10 ദിവസമാണ് കേസിൽ വാദം നടന്നത്. ഹരജി വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം വാദം കേട്ടത്.

Similar Posts