India
ഹിജാബ് ധരിക്കുന്നത് സമൂഹത്തിന് ദോഷകരമാകുന്നത് എങ്ങനെ? സുപ്രിംകോടതിയിൽ വാദം
India

ഹിജാബ് ധരിക്കുന്നത് സമൂഹത്തിന് ദോഷകരമാകുന്നത് എങ്ങനെ? സുപ്രിംകോടതിയിൽ വാദം

Web Desk
|
15 Sep 2022 10:17 AM GMT

'ഹിജാബ് വിലക്ക് ശരിവച്ചാല്‍ അതിന്‍റെ പ്രത്യാഘാതം വളരെ വലുതായിരിക്കും'

ന്യൂഡൽഹി: ഒരാൾ ഹിജാബ് ധരിക്കുന്നത് പൊതുസമൂഹത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. വസ്ത്രം ഓരോരുത്തരുടെയും സംസ്‌കാരിക വൈവിധ്യത്തിന്റെ അടയാളമാണ് എന്ന് സുപ്രിംകോടതിയിലെ ഹിജാബ് കേസ് വാദത്തനിടെ സിബൽ പറഞ്ഞു.

'നമ്മുടെ പാരമ്പര്യവും തത്വശാസ്ത്രവും ഭരണഘടനയും സഹിഷ്ണുതയാണ് പഠിപ്പിക്കുന്നത്. അതിൽ വെള്ളം ചേർക്കരുത്. ഹിജാബ് ആർട്ടിക്കിൾ 29ന് കീഴിലുള്ള സംസ്‌കാരിക അവകാശമാണ്. കാവി ഷാൾ ധരിച്ച വിദ്യാർത്ഥികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. പ്രശ്‌നമുണ്ടാക്കി സർക്കാറിനെ കൊണ്ട് നടപടി എടുപ്പിക്കുകയായിരുന്നു. സംസ്‌കാരിക വൈവിധ്യത്തെ സംരക്ഷിക്കേണ്ടത് മൗലിക കടമയാണ്.' - സിബിൽ പറഞ്ഞു.

ഹിജാബിന് വിലക്കേർപ്പെടുത്തിയ കർണാടക ഹൈക്കോടതി വിധി ശരിവച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും സിബൽ ഓർമിപ്പിച്ചു. 'ചില സംസ്ഥാനങ്ങൾ ഉത്തരവ് പിന്തുടരും. ഞാൻ രാഷ്ട്രീയ വാദം നടത്താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ദേശീയ പ്രത്യാഘാതം വളരെ വലുതായിരിക്കും. ക്ലാസുകൾ പൂർത്തിയാകുന്നതിന് മുമ്പാണ് പെൺകുട്ടികൾ ലീവിങ് സർട്ടിഫിക്കറ്റ് വാങ്ങി വിദ്യാലയങ്ങൾ വിട്ടത്. ആകെയുള്ള തൊള്ളായിരം കുട്ടികളും ഹിജാബ് ധരിക്കുന്നവർ ആകണമെന്നില്ല. എന്നാൽ ഹിജാബ് ധരിക്കുന്നവരുടെ ശതമാനമെടുത്താൽ കൂടുതലായിരിക്കും. ഡെക്കാൻ ഹെറാൾഡിന് ലഭിച്ച വിവരാവകാശ രേഖ പ്രകാരം 900 മുസ്‌ലിം കുട്ടികളിൽ 145 പേർ ദക്ഷിണ കന്നഡയിലെ സ്ഥാപനങ്ങളിൽ നിന്ന് ടിസി വാങ്ങിപ്പോയിട്ടുണ്ട്' - സിബൽ പറഞ്ഞു.

വസ്ത്രം ഓരോരുത്തരുടെയും സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് എന്നും അദ്ദേഹം വാദിച്ചു. 'ഈ വിദ്യാർത്ഥികൾ സ്‌കൂൾ യൂണിഫോമിലാണ് വരുന്നതെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഡ്രസ് കോഡിന്റെ ലംഘനം ഉണ്ടായിട്ടില്ല. അതിനപ്പുറത്തുള്ളതാണ് ധരിക്കുന്നത്. അതെന്താണ് കാണിക്കുന്നത്. എന്റെ സംസ്‌കാരത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. പൊതു ക്രമത്തിനോ ധാർമികതയ്‌ക്കോ അത് പോറലേൽപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കത് നിർത്തിവയ്പ്പിക്കാം. ഞാൻ മിനി സ്‌കർട്ടിലാണ് സ്‌കൂളിൽ പോകുന്നതെങ്കിൽ സ്‌കൂളിന് അത് തടയാം. എന്നാൽ ഹിജാബ് എങ്ങനെയാണ് പൊതുക്രമത്തെ ബാധിക്കുന്നത്'- അദ്ദേഹം ചോദിച്ചു.

കർണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളജുകളിൽ ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. വിദ്യാർത്ഥികളുടേതടക്കം 23 ഹർജികളാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത, സുധാൻഷു ധുലിയ എന്നിവർ അടങ്ങുന്ന ബഞ്ചിന് മുമ്പിലുള്ളത്. മാർച്ച് 15നായിരുന്നു ഹിജാബ് വിലക്കിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി.

Related Tags :
Similar Posts