ഹിജാബ് വിലക്ക്; കർണാടക ഹൈക്കോടതി വിശാലബെഞ്ച് ഇന്ന് വിധി പറയും
|11 ദിവസമാണ് ഹരജിയിൽ വാദം നടന്നത്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹരജിയിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വിധി പറയും. രാവിലെ പത്തരക്ക് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിക്ക് പുറമേ ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്നതാണ് വിശാല ബെഞ്ച്. 11 ദിവസമാണ് ഹരജിയിൽ വാദം നടന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. എന്നാൽ ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തിൽ ഹിജാബ് ഉൾപ്പെടുത്താനാകില്ലെന്ന് കർണാടക സർക്കാറും വാദിച്ചിട്ടുണ്ട്. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് കോടതി വിലക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ഉഡുപ്പി ഗവ ഗേൾസ് പ്രി പ്രൈമറി കോളേജിലാണ് ഹിജാബ് ധരിച്ചെത്തായ വിദ്യാർഥികൾക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഇതിനെ തുടർന്ന് മറ്റ് കോളേജുകളിലും ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘ് പരിവാർ അനുകൂല വിദ്യാർഥികൾ രംഗത്ത് വന്നു. ഇതോടെ സംസ്ഥാനത്തെ കാമ്പസുകളിൽ സംഘർഷ സാഹചര്യമുണ്ടായി. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവ ഗേൾസ് പ്രി പ്രൈമറി കോളേജിലെ ആറു വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിശാല ബെഞ്ച് ദിവസങ്ങളോളം വിശദമായ വാദം കേട്ട ശേഷം വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. ഹിജാബ് മതാചാരങ്ങളുടെ ഭാഗമല്ലെന്ന നിലപാടാണ് കർണാടക സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ഹിജാബ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കാനാവില്ലെന്നാണ് കർണാടക സർക്കാരിന്റെ നിലപാട്. യൂണിഫോം കോർഡ് നിലവിലുള്ള സ്‌കൂൾ, പ്രി പ്രൈമറി കോളേജുകളിൽ മതചിഹ്നങ്ങൾ അനുവദിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിശാല ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇതോടെ ഹിജാബ് ധരിച്ച് കാമ്പസിൽ എത്തിയിരുന്ന നൂറുകണക്കിന് വിദ്യാർഥികളുടെ പഠനം മുടങ്ങിയതായാണ് റിപ്പോർട്ട്. ഈ വിദ്യാർഥികൾക്ക് പരീക്ഷയും എഴുതാനായില്ല.
വിധി വരുന്ന പശ്ചാത്തലത്തിൽ ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചിരുന്നു. ഇന്ന് മുതൽ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്‌ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾക്കും നിരോധനം ബാധകമാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ അംഗൻവാടികൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഹിജാബ് ധരിക്കരുതെന്ന കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് 11, 12 ക്ലാസുകൾ നടത്തുന്ന പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിൽ മാത്രം ബാധകമാണെന്നിരിക്കെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് കോളേജുകൾ ഹിജാബ് വിലക്കിയിരുന്നു. ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയൽ (എംജിഎം) കോളേജിലും ഉള്ളാൾ കോളേജിലുമാണ് ഹിജാബ് ധരിച്ച ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് പ്രവേശനം വിലക്കിയത്. തങ്ങളെ ക്ലാസുകളിൽ ഹാജരാകാനോ കോളജ് വളപ്പിൽ പ്രവേശിക്കാനോ പ്രിൻസിപ്പൽ അനുവദിച്ചിട്ടില്ലെന്നും ഇത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ബിരുദാനന്തര ബിരുദ വിദ്യാർഥികൾ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ബാധകമല്ലെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായൺ ഒന്നിലധികം തവണ വ്യക്തമാക്കിയ സാഹചര്യത്തിലാണിത്.
ഹിജാബ് വിഷയം വിവാദമായതോടെ നേരത്തെ പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. കാവി സ്‌കാർഫ് ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ഹിജാബ് ധരിച്ച് അകത്ത് കയറിയ മുസ്ലീം പെൺകുട്ടികളെ സ്ഥാപനത്തിന്റെ ഗേറ്റിൽ തടഞ്ഞിരുന്നു. 'ഇവിടെ സാഹചര്യം ശരിയല്ലാത്തതിനാൽ ഞാൻ കുറച്ച് ദിവസമായി കോളേജിൽ വന്നില്ല. എന്നാൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കാതിരുന്നത് ഞങ്ങളെ ഞെട്ടിച്ചു. എന്തുകൊണ്ടാണ് പ്രിൻസിപ്പൽ ഇത് ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല' എന്ന് ഉടുപ്പി കോളേജിലെ ഒരു പിജി വിദ്യാർഥി പറഞ്ഞു.
എന്നാൽ കർണാടകയിലെ വിദ്യാലയങ്ങളിൽ അധ്യാപികമാർക്ക് താത്കാലിക ഹിജാബ് നിരോധനമില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഹിജാബ്, കാവിഷാൾ തുടങ്ങിയവ നിരോധിച്ചത് വിദ്യാർഥികൾക്ക് മാത്രമാണെന്നാണ് കോടതി വ്യക്തമാക്കിയത്. ഹിജാബ് ധരിച്ചെത്തുന്ന അധ്യാപികമാരും സ്‌കൂൾ കവാടങ്ങളിൽ തടയപ്പെടുന്നുണ്ടെന്ന് ഹിജാബ് നിരോധനത്തിനെതിരെ ഹരജി നൽകിയ വിദ്യാർഥികളുടെ അഭിഭാഷകനായ മുഹമ്മദ് താഹിർ അറിയിക്കുകയായിരുന്നു. അപ്പോൾ മുൻ ഉത്തരവ് വിദ്യാർഥികൾക്ക് മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് നിരോധനമില്ലെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞിരുന്നു. ഭരണഘടനാപരമായ അവകാശങ്ങളും കടമകളും പ്രധാനമാണെന്ന് ജനങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. കർണാടകയിലെ ഹിജാബ് വിവാദത്തിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. 'ഹിജാബുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. എന്നാലും നിലവിൽ രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് യാതൊരു നിരോധനവും ഏർപ്പെടുത്തിയിട്ടില്ല. പക്ഷേ ചില സ്ഥാപനങ്ങളില്‍ അവരുടേതായ വസ്ത്രധാരണ രീതികളും യുണിഫോമും ഉണ്ടാകും. ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളെക്കുറിച്ച് ചർച്ച നടത്തുന്നതോടൊപ്പം മൗലിക കടമകളെക്കുറിച്ചും ചർച്ചകൾ അനിവാര്യമാണ്' മുക്താർ അബ്ബാസ് കൂട്ടിച്ചേർത്തു.
Hijab ban; The Karnataka High Court wide bench will deliver its verdict today