ഹിജാബ് വിധി; കർണാടകയിൽ ഇന്ന് മുസ്ലിം സംഘടനകളുടെ ബന്ദ്
|രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്
ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ ഇന്ന് കർണാടകയിൽ ബന്ദ്. ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിന് കര്‍ണാടകയിലെ പ്രധാന പത്ത് മുസ്ലിം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. സമാധാനപരമായാണ് ബന്ദ് നടത്തുകയെന്ന് ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദ് പറഞ്ഞു. ബന്ദിൻ്റെ ഭാഗമായി പ്രകടനമോ പ്രതിഷേധ റാലികളോ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ബുധനാഴ്ച ക്ലാസുകൾ ബഹിഷ്കരിച്ചു. ചിക്ക്മംഗളൂരു, ഹാസ്സൻ, റെയ്ച്ചൂർ എന്നീ സ്ഥലങ്ങളിലായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാർഥികൾ നൽകിയ ഹരജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവർ അംഗങ്ങളുമായ ബഞ്ചിന്റേതായിരുന്നു വിധി.