സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പൽ മോചിപ്പിച്ചു
|21 ജീവനക്കാരും സുരക്ഷിതർ
കഴിഞ്ഞദിവസം സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ‘എംവി ലീല നോർഫോക്ക്’ എന്ന ചരക്ക് കപ്പൽ മോചിപ്പിച്ചാതായി ഇന്ത്യൻ നേവി അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരടക്കമുള്ള 21 ജീവനക്കാരും സുരക്ഷിതരാണ്.
‘മാർക്കോസ്’ എന്ന ഉന്നത കമാൻഡോ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇവരെ രക്ഷിച്ചത്. കപ്പലിൽ 15 ഇന്ത്യക്കാരാണുണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിന് എത്തിയപ്പോഴേക്കും കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ച് പോയിരുന്നെന്നും കമാൻഡോകൾ അറിയിച്ചു. യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയിലാണ് കമാൻഡോകൾ കപ്പലിന് അടുത്തേക്ക് എത്തിയത്. യുദ്ധക്കപ്പലിൽനിന്ന് പറന്നുയർന്ന ഹെലികോപ്ടർ ചരക്ക് കപ്പലിന് സമീപമെത്തി കൊള്ളക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
സൊമലിയൻ തീരത്ത് നിന്ന് 300 നോട്ടിക്കൽ മൈൽ അകലെയാണ് വ്യാഴാഴ്ച വൈകീട്ട് കപ്പൽ റാഞ്ചിയത്. ആയുധധാരികളായ ആറുപേർ കപ്പലിലേക്ക് കടന്നു കയറുകയായിരുന്നു.
തന്ത്രപ്രധാന ജലപാതകളിലെ വിവിധ കപ്പലുകളുടെ യാത്ര നിരീക്ഷിക്കുന്ന ബ്രിട്ടീഷ് സൈനിക സംഘടനയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) ആണ് റാഞ്ചിയ വിവരം റിപ്പോർട്ട് ചെയ്തത്. ലൈബീരിയൻ പതാകയുള്ള കപ്പൽ ബ്രസീലിലെ പോർട്ടോ ഡു അക്യൂവിൽ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്ക് പോവുകയായിരുന്നു.