ഹിമാചലിൽ പ്രതിസന്ധി; സർക്കാരിനെ നിലനിർത്താൻ കോൺഗ്രസ്, വിശ്വാസവോട്ടെടുപ്പിന് ബിജെപി
|രാജ്യസഭ തെരഞ്ഞെടുപ്പിൽ എം.എൽ.എമാർ നടത്തിയ കൂറുമാറ്റത്തോടെ അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് നേരിടേണ്ടിവരും
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ സർക്കാരിനെ നിലനിർത്താൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. വിമത എം.എൽ.എമാരുമായി ചർച്ച തുടങ്ങി കോാൺഗ്രസ്. അതെ സമയം ബിജെപി എംഎൽഎമാർ ഹിമാചൽ രാജ്ഭവനിലെത്തി. വിശ്വാസവോട്ട് തേടാൻ മുഖ്യമന്ത്രിയോട് ഗവർണർ നിർദേശിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൂറുമാറ്റത്തിലൂടെ ബി.ജെ.പി രാജ്യസഭാ സ്ഥാനാർഥി വിജയിച്ചതിനെ തുടർന്നാണ് കോൺഗ്രസ് സർക്കാറിന്റെ നിലനിൽപ്പിന് വെല്ലുവിളിയുണ്ടായത്.
മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് കോൺഗ്രസ് വിമത എം.എൽ.എ മാരുടെ പ്രധാന ആവശ്യം. ഡി.കെ.ശിവകുമാറും ഭൂപീന്ദർ സിംഗ് ഹൂഡയുടെയും നേതൃത്വത്തിലാണ് കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ ആരംഭിച്ചത്.ഇടഞ്ഞ് നിൽക്കുന്ന 26 എം.എൽ.എ മാർ മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖുവിനെ മാറ്റണമെന്നാവശ്യവുമായി രംഗത്തെത്തിയത് കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്നാണ് എ.ഐ.സി.സി നേതൃത്വം മുന്നോട്ട് വെക്കുന്നത്.
2022 നിയമസഭ തെരഞ്ഞെടുപ്പിൽ 68 സീറ്റിൽ 40 സീറ്റ് പിടിച്ച കോൺഗ്രസിന് മൂന്ന് സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചിരുന്നു. ആറ് കോൺഗ്രസ് എം.എൽ.എമാരും മൂന്ന് സ്വതന്ത്രരുമാണ് കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് സിങ്‍വിക്ക് വോട്ട് ചെയ്യാതെ ബി.ജെ.പി സ്ഥാനാർഥി ഹർഷ് മഹാജനെ പിന്തുണച്ചത്. ഇരുവർക്കും 34 വോട്ടാണ് ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് മഹാജനെ വിജയിയായി പ്രഖ്യാപിച്ചത്.
കോൺഗ്രസ് പാളയത്തിൽ നിന്നുള്ള ആറ് എം.എൽ.എമാരെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വന്തമാക്കിയത്. ഒമ്പതുപേരുടെ കൂറുമാറ്റത്തോടെ അവിശ്വാസ പ്രമേയത്തെ കോൺഗ്രസ് നേരിടേണ്ടിവരും.
ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ ജയ് റാം താക്കൂർ ബുധനാഴ്ച രാവിലെ ഗവർണർ ശിവ് പ്രതാപ് ശുക്ലയെ കാണുമെന്നാണ് വിവരം. അതെ സമയം എംഎൽഎമാരെ തട്ടിക്കൊണ്ടുപോയെന്ന കോൺഗ്രസിൻ്റെ ആരോപണങ്ങൾ തള്ളി ആഭ്യന്തരമന്ത്രി അമിത് ഷാ , സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര കാരണങ്ങളും ഭിന്നതയുമാണ് ക്രോസ് വോട്ടിങ്ങിനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.