India
ഹിമാചൽ തെരഞ്ഞെടുപ്പ് വിജയം: പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി അറിയിച്ച് ഖാർഗെ
India

ഹിമാചൽ തെരഞ്ഞെടുപ്പ് വിജയം: പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി അറിയിച്ച് ഖാർഗെ

Web Desk
|
8 Dec 2022 12:20 PM GMT

ഹിമാചലിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് എം.എൽ.എമാരെയും ഉടൻ ചണ്ഡീഗഡിലേക്ക് മാറ്റും

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും നന്ദി അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഹിമാചലിൽ കോൺഗ്രസ് 40 സീറ്റിൽ മുന്നേറിയപ്പോൾ ബി.ജെ.പി 25 ൽ ഒതുങ്ങി. അതേസമയം ഗുജറാത്തിലെ ബി.ജെ.പിയുടെ ചരിത്ര വിജയം കോൺഗ്രസിന് തിരിച്ചടിയായി.

ഹിമാചലിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് എം.എൽ.എമാരെയും ഉടൻ ചണ്ഡീഗഡിലേക്ക് മാറ്റാനും തീരുമാനമായി. ഹൈക്കമാൻഡ് നിർദേശ പ്രകാരമാണ് കോൺഗ്രസ് നടപടി. എംഎൽഎമാർക്കായി മൊഹാലിയിൽ ഹോട്ടൽ ബുക്ക് ചെയ്തിട്ടുണ്ടെന്ന് പാർട്ടി ഉന്നത വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസ് നേതാക്കളായ ഭൂപേഷ് ബാഗേൽ, മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവർ ചണ്ഡീഗഢിൽ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും.

കോൺഗ്രസിന് മികച്ച ഭൂരിപക്ഷമുള്ളത് പ്രതീക്ഷ നൽകുന്നുണ്ട്. എം.എൽ.എമാരെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്കോ ഛത്തീസ്ഗഡിലേക്കോ മാറ്റാൻ പദ്ധതിയില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ചണ്ഡീഗഡിൽ വെച്ച് ഭാവി കാര്യങ്ങൾ ചർച്ചചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. ഹിമാചലിലെ ഭാവി പരിപാടികളെ കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സോണിയാ ഗാന്ധിയുമായി സംസാരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 68 സീറ്റുകളിൽ 40 എണ്ണത്തിലും കോൺഗ്രസ് മുന്നേറി. ബിജെപി 25 സീറ്റിൽ ലീഡ് നിലനിർത്തി. മൂന്ന് സ്വതന്ത്രർ ഹിമാചലിൽ വിജയിച്ചു. അഞ്ച് തവണ ഹരോളി എംഎൽഎയും സ്ഥാനമൊഴിഞ്ഞ സിഎൽപി നേതാവുമായ മുകേഷ് അഗ്നിഹോത്രി, മുൻ സംസ്ഥാന പാർട്ടി അധ്യക്ഷൻ സുഖ്വീന്ദർ സിംഗ് സുഖു, മാണ്ഡി എംപി പ്രതിഭാ സിംഗ് എന്നിവർ മുഖ്യമന്ത്രിയാകാൻ സാധ്യത കൽപ്പിക്കുന്നവരാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആറ് തവണ ഡൽഹൗസി എംഎൽഎയുമായ ആശാ കുമാരി ബിജെപിയോട് പരാജയപ്പെട്ടു.

Similar Posts