India
ജോഷിമഠിന് പിന്നാലെ ഹിമാചൽ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴുന്നു; 32 വീടുകളിലും 3 ക്ഷേത്രങ്ങളിലും വിള്ളൽ
India

ജോഷിമഠിന് പിന്നാലെ ഹിമാചൽ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴുന്നു; 32 വീടുകളിലും 3 ക്ഷേത്രങ്ങളിലും വിള്ളൽ

Web Desk
|
15 Jan 2023 8:23 AM GMT

അടൽ ടണലും ശേഷം വന്ന റോഡ് വികസനവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശവാസികൾ

ന്യൂഡൽഹി: ഉത്തരാഖണ്ഡിന് പിന്നാലെഹിമാചൽ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴുന്നു. മണ്ഡി ജില്ലയിലും സെറാജ് താഴ്വരയിലും വീടുകളിലും ക്ഷേത്രങ്ങളിലും വിള്ളൽ കണ്ടെത്തി. ജോഷിമഠിനടുത്ത് സിങ്ങ് ദർ ഗ്രാമത്തിലും വീടുകളിൽ വിള്ളലുണ്ട്. ഉത്തരാഖണ്ഡിന് പുറത്തും ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം ആശങ്ക വർധിപ്പിക്കുന്നുണ്ട്.

ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ 32 വീടുകളിലും 3 ക്ഷേത്രങ്ങളിലും വിള്ളൽ കണ്ടെത്തി. സെറാജ് താഴ്വരയിലെ നാഗാനി, തലൗട്ട്, ഫാഗു എന്നിവിടങ്ങളിലാണ് കെട്ടിടങ്ങളിൽ വിള്ളൽ കണ്ടെത്തിയത്. അടൽ ടണലും ശേഷം വന്ന റോഡ് വികസനവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ അലിഗഢിലും വീടുകളിൽ വിള്ളൽ കണ്ടെത്തി. ജോഷിമഠിനടുത്ത് സിങ്ങ് ദർ ഗ്രാമത്തിലെ വീടുകളിൽ കണ്ടെത്തിയ വിള്ളലുകൾ വലുതാകുന്നതായി പ്രദേശവാസികൾ പറയുന്നു. കെട്ടിടങ്ങൾ ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്. തറയിൽ രൂപപ്പെട്ട വിള്ളലിലൂടെ ഭൂഗർഭ ജലം പുറത്ത് വരുന്നുണ്ട്. സംഭവത്തിൽ ഉത്തരാഖണ്ഡ് സർക്കാർ ജില്ലാ ഭരണകൂടത്തോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

അതേസമയം, ജോഷിമഠിൽ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം ഉണ്ടായതിന് പിന്നാലെ അപകട നിലയിലായ കെട്ടിടങ്ങളുടെ പൊളിക്കൽ നടപടികൾ തുടരുന്നു. മലരി ഇൻ, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകളാണ് പൊളിച്ച് മാറ്റുന്നത്. നഷ്ടപരിഹാര പാക്കേജിന്റെ സുതാര്യമായ വിതരണം ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് സംസ്ഥാന സർക്കാർ കർശന നിർദേശം നൽകി. ഭൗമ പ്രതിഭാസത്തിന്റെ കാരണം സംബന്ധിച്ച് സമ്പൂർണ്ണ അന്വേഷണം നടത്തുന്നതിനാണ് സർക്കാർ തയ്യാറെടുക്കുന്നത്. NTPC യുടെ തുരങ്ക നിർമ്മാണവും അന്വേഷണ പരിധിയിൽ വരും.

വിദഗ്ധർ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രതികരിക്കരുതെന്ന നിർദേശത്തിനെതിരെ കോൺഗ്രസ് രംഗത്ത് വന്നു. സർക്കാരിന് എന്തോ മറയ്ക്കാനുള്ളത് കൊണ്ടാണ് ഇങ്ങനെയൊരു നിർദേശമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

Similar Posts