India
himachal pradesh flood

ഹിമാചലിലെ പ്രളയത്തിന്‍റെ ദൃശ്യങ്ങള്‍

India

മഴക്കെടുതി സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുമെന്ന് ഹിമാചൽ മുഖ്യമന്ത്രി

Web Desk
|
19 Aug 2023 1:47 AM GMT

മഴക്കെടുതിയിൽ തകർന്ന ഹിമാചൽ പ്രദേശിന് രാജസ്ഥാൻ സർക്കാർ 15 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു

ഷിംല: മഴക്കെടുതി സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിംഗ് സുഖു. ഈ മഴക്കാലത്ത് മാത്രം 10,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞ 3 വർഷമായി മഴക്കെടുതി നേരിടാൻ കേന്ദ്ര സർക്കാറിൽ നിന്ന് സംസ്ഥാനത്തിന് ധനസഹായം ലഭിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഴക്കെടുതിയിൽ തകർന്ന ഹിമാചൽ പ്രദേശിന് രാജസ്ഥാൻ സർക്കാർ 15 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലും മഴക്കെടുതി രൂക്ഷമാണ്. വികാസ് നഗറിൽ കനത്ത മഴയിൽ റോഡ് ഗതാഗതം നിലച്ചു.ഷിംലയിൽ മണ്ണിടിച്ചിലുണ്ടായ മേഖലയിൽ ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ എട്ടുപേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. കഴിഞ്ഞ നാലു ദിവസത്തിനിടെ 75 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കഴിഞ്ഞ 55 ദിവസത്തിനിടെ 113 ഓളം ഉരുൾപൊട്ടലുകൾ സംസ്ഥാനത്തെ നടുക്കി.സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് (പിഡബ്ല്യുഡി) ഉണ്ടായ നഷ്ടം 2,491 കോടി രൂപയായി കണക്കാക്കുമ്പോൾ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (എൻഎച്ച്എഐ) ദുരന്തങ്ങളിൽ ഏകദേശം 1,000 കോടി രൂപ നഷ്ടമായി.

ഹിമാലയൻ മേഖലയിലെ അശാസ്ത്രീയ നിർമാണങ്ങളാണ് വലിയ ഉരുൾപൊട്ടലിനു പിന്നിലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.ഹിമാലയൻ മേഖലയുടെ ദുർബലമായ പരിസ്ഥിതിയിൽ ടൂറിസം പ്രവർത്തനങ്ങൾ വളരെയധികം സമ്മർദ്ദം ചെലുത്തുന്നതിനാൽ ഹിമാചൽ പ്രദേശിന്റെ വിനോദസഞ്ചാര മേഖലയെ അമിതമായി ആശ്രയിക്കുന്നതും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. നഷ്ടം വിലയിരുത്തുന്നതിനായി കേന്ദ്രസംഘങ്ങൾ ബാധിത പ്രദേശങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് സമയോചിതമായ സഹായം ആവശ്യമാണെന്നും സുഖ്‍വിന്ദര്‍ സിംഗ് സുഖു പറഞ്ഞു. 2023 ജൂൺ മുതൽ ഉണ്ടായ മൊത്തം നഷ്ടം 10,000 കോടി കവിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭരണകൂടത്തിന്റെ കണക്കനുസരിച്ച്, ജൂൺ 24 മുതൽ കുറഞ്ഞത് 217 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 11,301 വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

Similar Posts